ജുബൈൽ: ‘ഇസ്ലാം സമാധാനവും നിർഭയത്വവും’ എന്ന ശീർഷകത്തിൽ സഊദിയിലെ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ദേശീയ തലത്തിൽ നടത്തുന്ന കാമ്പയിൻ കിഴക്കൻ പ്രവിശ്യാ തല ഉദ്ഘാടന സമ്മേളനം ജുബൈലിൽ സമാപിച്ചു. ജുബൈൽ ദഅവാ ആൻ്റ് ഗൈഡൻസ് സെൻ്റർ അങ്കണത്തിൽ നടന്ന സമ്മേളനം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. സമാധാനവും നിർഭയത്വവും ഉൽഘോഷിക്കുന്ന ഇസ്ലാം മതത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. എന്നാൽ അത്തരം ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചു കൊണ്ട് യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് ഇസ്ലാമിനെ പരിചയപ്പെടുവാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അതോടൊപ്പം ഇസ് ലാമിൻ്റെ വിശ്വാസ ആചാരങ്ങൾ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കാൻ മുസ്ലിം ജനസമൂഹം കൂടുതൽ പ്രയത്നിക്കേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു. നാലു സെഷനുകളിലായി നടന്ന സമ്മേളനത്തിൽ അബ്ദു റഷീദ് കുട്ടമ്പൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സ്ത്രീകൾക്ക് ഒരു വിലയും കൽപ്പിക്കാതിരുന്ന ആറാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദ് നബി സ്ത്രീകൾക്ക് പ്രത്യേകം അവകാശങ്ങളോടെ ഏറ്റവും മഹത്തായ സ്ഥാനം നൽകി അവരെ ആദരിക്കുകയും ഭദ്രമായ കുടുംബ സംവിധാനത്തിലൂടെയും നിയമനിർദ്ദേശങ്ങളിലൂടെയും ഒരു ജനതയെ മുഴുവൻ നിർഭയത്വത്തിലേക്കും സമാധാനത്തിലേക്കും നയിച്ചത് ലോകത്തിന് എന്നും മാതൃകയാവണം. അദ്ദേഹം പ്രസ്താവിച്ചു.
സ്വാതന്ത്ര്യത്തിൻ്റെ പേരിൽ സ്ത്രീകളെ സൗന്ദര്യാസ്വാധനത്തിനും മാർക്കറ്റിംഗിനുമായി കേവലം ഉപഭോഗ വസ്തുവാക്കുന്ന ആധുനിക പ്രവണതകൾ തിരിച്ചറിയണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ദമാം ഇസ്ലാമിക് കൾച്ചറൽ സെൻ്റർ മലയാള വിഭാഗം തലവൻ അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി പാനൽ ഡിസ്കഷൻ നയിച്ചു. ഇരു ഹറമുകളുടെയും സേവകരായി മുസ്ലിം ലോകത്തിന് ഏറെ സംഭാവനകൾ നൽകി വരുന്ന സഊദി അറേബ്യയുടെ പരിശ്രമങ്ങളെ അടുത്തറിയണം. എന്നാൽ പരിശുദ്ധമായ മക്കയിലേക്കും മദീനയിലേക്കും തീയമ്പുകൾ അയക്കുന്ന ഇസ്ലാമിൻ്റെ ശത്രുക്കളെ തിരിച്ചറിയുകയും ശക്തമായി അപലപിക്കുകയും ചെയ്യണം. അവരുടെ ഹീനമായ പ്രവർത്തനങ്ങൾ ആശ്ചര്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജുബൈൽ ദഅവാ സെൻ്റർ മലയാളം വിഭാഗം തലവൻ ഇബ്രാഹിം അൽ ഹികമി മോഡറേറ്ററായിരുന്നു.
ആദർശ സെഷനിൽ അൽഖോബാർ റാക്ക ദഅവാ സെൻ്റർ പ്രബോധകൻ സർഫറാസ് സ്വലാഹി പ്രഭാഷണം നിർവ്വഹിച്ചു. ലോക സ്രഷ്ടാവും നിയന്താവുമായ ഏകനായ അല്ലാഹു വിന് മാത്രമാണ് അവൻ്റെ സൃഷ്ടികൾ ആരാധനകൾ അർപ്പിക്കേണ്ടതെന്ന മൗലിക തത്വം ഉൽഘോഷിക്കുന്ന ഇസ്ലാം, സകല വിശ്വാസ ചൂഷണങ്ങളെയും വൈകല്യങ്ങളെയും അക്രമങ്ങളെയും ഇല്ലാതാക്കുകയും മനുഷ്യരെ നിർഭയത്വത്തിലേക്കും സമാധാനത്തിലും നയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. സുബുഹാൻ സ്വലാഹി സമാപന ഭാഷണം നിർവ്വഹിച്ചു. ത്രൈമാസ കാമ്പയിൻ്റെ ഭാഗമായി നടക്കുന്ന നാൽപതോളം വൈവിധ്യമാർന്ന പരിപാടികൾക്ക് ഈ സമ്മേളനത്തോടെ തുടക്കമായതായി അദ്ദേഹം അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാന വിതരണം നടത്തി. എൻ.വി. സാലിം, അർശദ് ബിൻ ഹംസ, ഡോ. ഷഹനാസ്, ആസാദ് കെ.പി., നൗഷാദ് കാസിം വിവിധ സെഷനുകളിൽ സംസാരിച്ചു. ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ലഘുലേഖ കുഞ്ഞി മുഹമ്മദ് പറപ്പൂർ പ്രകാശനം ചെയ്തു. മൊയ്തീൻ കുട്ടി ഏറ്റുവാങ്ങി. ബെയരി ഭാഷയിലുള്ള ഖുർആൻ ഹദീസ് പഠന ക്ലാസിൻ്റെ പോസ്റ്റർ റിലീസ് റഷീദ് കുട്ടമ്പൂർ നിർവ്വഹിച്ചു ഹൈദർ ഉള്ളാൾ ഏറ്റുവാങ്ങി. കുട്ടികൾക്കുള്ള ബാല സംഗമം പ്രത്യേക വേദിയിൽ അരങ്ങേറി. ഷിയാസ് റഷീദ് നേതൃത്യം നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
