നേരിയ ആശ്വാസം: ഉത്തരേന്ത്യയിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരവേ, യു.പി, ഹിമാചൽ സംസ്ഥാനങ്ങളിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. യു.പിയിൽ നിന്ന് 200 മെഗാവാട്ട്, ഹിമാചൽ പ്രദേശിൽ നിന്ന് കൈമാറ്റ വ്യവസ്ഥ പ്രകാരം 100 മെഗാവാട്ട്. ഇതുകൊണ്ട് പ്രതിസന്ധി പൂർണമായും ഒഴിയില്ലെങ്കിലും അല്പം ആശ്വാസമാകും.

പ്രതിസന്ധി പൂർണമായും ഒഴിവാക്കാൻ പ്രതിദിനം 900 മെഗാവാട്ട് വരെയാണ് അധികമായി വേണ്ടത്. ഇന്നു മുതൽ ഉത്തർപ്രദേശ് പവർ കോർപ്പറേഷനിൽ നിന്ന് വൈദ്യുതി ലഭ്യമായി തുടങ്ങും.

വൈദ്യുതി തേടി ഉത്തരേന്ത്യയിലേക്ക് പോയ കെ.എസ്.ഇ.ബി ഡയറക്ടർമാർ അടങ്ങുന്ന സംഘത്തിന് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചു.ഹിമാചലിൽ നിന്ന് പീക്ക് സമയത്ത് 100 മെഗാവാട്ട് ലഭിക്കും. പകൽസമയം 100 മെഗാവാട്ട് തിരികെ ഹിമാചലിന് ലഭ്യമാക്കാമെന്ന കൈമാറ്റ വ്യവസ്ഥ പ്രകാരമാണിത്. ഹിമാചലിൽ പകൽ വൈദ്യുതിയുടെ ആവശ്യകത കൂടുതലും രാത്രിയിൽ കുറവുമായ സാഹചര്യത്തിലാണിത്. കെ.സി.വേണുഗോപാൽ എം.പിയുടെ ശ്രമഫലമായി ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ഇതുകൂടാതെ രാജ്യത്തെ പ്രധാന വൈദ്യുതി ഉത്പാദക കമ്പനികളിൽ ഒന്നായ കൊൽക്കത്തയിലെ ദാമോദർ വാലി കോർപ്പറേഷനിൽ നിന്ന് 100 മെഗാവാട്ട് രാത്രിസമയത്ത് ലഭ്യമാക്കാനാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇതിനായി അവരുമായി വൈകാതെ ചർച്ച നടത്തും.മഹാരാഷ്ട്രയുമായി

ഹ്രസ്വകാല കരാർഡിസംബർ അവസാനം മുതൽ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും 275 മെഗാവാട്ട് വൈദ്യുതി ലഭിച്ചേക്കും. എൻ.ടി.പി.സിയും മഹാരാഷ്ട്ര സ്‌റ്റേറ്റ് പവർ ജനറേഷൻ കമ്പനിയും സംയുക്തമായി പ്രവർത്തിപ്പിക്കുന്ന താപനിലയത്തിൽ നിന്നാണിത്. യൂണിറ്റിന് വില 5.11 രൂപ. ഇതിനായി ഹ്രസ്വകാല കരാറിൽ ഏർപ്പെടാനാണ് ശ്രമം.

ഇന്നലെയും പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാകാത്തതിനെത്തുടർന്ന് രാത്രി വൈദ്യുതി മുടങ്ങി. മദ്ധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരമുള്ള 200 മെഗാവാട്ട് വൈദ്യുതിയും ഇന്നലെ ലഭിച്ചില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!