റിയാദ്: സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്’ നേരെ ഡ്രോൺ ആക്രമണം. ഇറാഖിന്റെ അതിർത്തിക്കുള്ളിൽനിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സഊദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സംഭവത്തിൽ പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൈപ്പ് ലൈന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തെ സഊദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
റിയാദ്, മദീന മേഖലകളിലെ കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈനിനു നേരെ സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ നിരവധി ആക്രമണങ്ങൾ നടന്നതായി ഊർജ്ജ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ പൈപ്പ്‌ലൈൻ പ്രവർത്തനം നിർത്തിവച്ചു. ആക്രമണങ്ങളിൽ ചിലർക്ക് പരിക്കേൽക്കുകയും അവർക്ക് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തുവെന്നും ഊർജ്ജമന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനും ഇറാഖ് മണ്ണ് അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നത് തടയാനും അവസരം നൽകണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി സഊദിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഇറാഖ് ഭരണകൂടത്തിന് സമയം നൽകിക്കൊണ്ട് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സഊദി അറേബ്യയുടെ തീരുമാനം. എങ്കിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും എണ്ണ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സഊദി അറേബ്യ നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി.
സഊദിയുടെ തീരുമാനത്തെ ഇറാഖ് സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാഖ് ഭരണകൂടം, സഊദിയുടെ സുരക്ഷയ്ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന നീക്കങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. സ്വന്തം അതിർത്തിയോ വ്യോമപാതയോ അയൽരാജ്യങ്ങൾക്കെതിരായ ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ വക്താവ് സ്വബാഹ് അൽ-നുമാൻ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉത്തരവിട്ടിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
