സഊദിയെ ആക്രമിച്ചതിന് മറുപടി; ഹൂതികൾക്കെതിരെ വ്യോമാക്രമണത്തിന് പാക്കിസ്ഥാൻ, മക്ക സംയുക്ത പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് പാക്ക് നീക്കം

News Desk
2 Min Read

ഇസ്‍ലാമബാദ്: സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ 4 നഗരങ്ങളിൽ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു മറുപടിയായി ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾക്കു നേരെ വ്യോമാക്രമണത്തിന് പാക്കിസ്ഥാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ.

സൗദിയിലെ ആക്രമണത്തിനു പിന്നാലെ ഹൂതികൾക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഹൂതികളെ തുരത്തുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ വ്യോമാക്രമണത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്.

മക്ക സംയുക്ത പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് പാക്ക് നീക്കം. സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാസം ഒപ്പുവച്ച ‘മക്ക സംയുക്ത പ്രതിരോധ കരാർ’ പ്രകാരം സഖ്യത്തിലെ ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം സ്വന്തം രാജ്യത്തിനു നേരെയുള്ള ആക്രമണമായി കണക്കാക്കി 3 രാജ്യങ്ങളും ഒരുമിച്ചു നേരിടുമെന്നതാണ് ധാരണ. 

യെമൻ അതിർത്തിയോടുചേർന്ന സൗദിയുടെ അബ്ഹ, നജ്റാൻ നഗരങ്ങളിലെ റിഫൈനറികൾ, ചെങ്കടലിലെ തുറമുഖ നഗരമായ ജസനിലെ റിഫൈനറി, ഊർജനിലയം എന്നിവിടങ്ങളിലാണ് മിസൈൽ ആക്രമണത്തിൽ വൻതീപിടിത്തം ഉണ്ടായത്. തെക്കൻ നഗരമായ ഖമിസ് മുഷായത്തിലെ വ്യോമത്താവളത്തിലും ഹൂതികൾ ബോംബിട്ടു. ആക്രമണങ്ങളിൽ 70 ൽ ഏറെപ്പേർക്കു പരുക്കേറ്റിരുന്നു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിയുകയും ചെയ്തു. 

സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണം തുടർന്നാൽ, മക്കയിൽ വച്ച് ഒപ്പുവച്ച കരാർ പ്രകാരം സൗദി അറേബ്യയോടുള്ള ബാധ്യതകൾ പാക്കിസ്ഥാൻ നിറവേറ്റുമെന്നും അതിൽ യാതൊരു സംശയവും ആവശ്യമില്ലെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു. ‘കരാറിലെ കൂട്ടായ പ്രതിരോധ വ്യവസ്ഥകളെ സജീവമാക്കും. ഇതിൽ യാതൊരു അവ്യക്തതയും വേണ്ട. ഇതൊരു സംയുക്ത പ്രതിരോധ കരാറാണെന്നതിൽ മറ്റ് വിശദീകരണങ്ങളുടെ ആവശ്യമില്ല,’’ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഖ്വാജ ആസിഫ് പറഞ്ഞു. സൗദി പിന്തുണയുള്ള യെമൻ സർക്കാർ സഖ്യസേന ഹൂതികളുടെ ശക്തികേന്ദ്രമായ വടക്കൻ മേഖലയിലേക്കു നീങ്ങുന്നതായും റിപ്പോർട്ടുണ്ട്. 6 മാസം പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധത്തിന് ഇതോടെ പുതിയ പോർമുഖം തുറന്നു.

സൗദി എണ്ണശുദ്ധീകരണശാലകൾക്കുനേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. സൗദിയുടെ പരമാധികാരത്തിനുനേരെയുള്ള ആക്രമണമാണിതെന്നും അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് റൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതേസമയം, യെമനിലെ ഹൂതി നിയന്ത്രിത മേഖലയിലെ ജയിലിൽ സൗദി നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി ഉയർന്നു. 
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!