റിയാദ്: തെക്കൻ സഊദിയിലെ നഗരങ്ങൾക്കെതിരെ വീണ്ടും ഹൂതി ആക്രമണം. നിരവധി മിസൈലുകളും മിസൈലുകളും ഈ ഭാഗങ്ങളിലെ സിവിലിയൻ, ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് എത്തിയത്. ബുധനാഴ്ച്ച ഖമീസ് മുഷൈത്, അബഹ, ജസാൻ എന്നീ നഗരങ്ങൾക്ക് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് അവർ ആക്രമണം നടത്തിയതായി യമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേന’യുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി അറിയിച്ചു.
ഭീകരവാദികളായ ഹൂതി മിലിഷ്യ സഊദി അറേബ്യയിലെ ദേശീയ ആസ്തികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ തങ്ങളുടെ ഹീനമായ ആക്രമണങ്ങൾ തുടരുകയാണ് എന്നതാണ് ഏറ്റവും ഒടുവിലത്തെ ആക്രമണങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, എത്ര മിസൈലുകൾ ഡ്രോണുകൾ എത്തിയെന്നോ മറ്റു നാശ്നഷ്ട വിവരങ്ങളോ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഈ ആക്രമണങ്ങൾ തുടരുന്നത് ഹൂതി ഭീകരവാദ മിലിഷ്യയുടെ പ്രവർത്തനരീതിയും അവരുടെ തീവ്രവാദ ആശയഗതിയും വ്യക്തമാക്കുന്നുവെന്ന് മേജർ ജനറൽ അൽ-മാലിക്കി വിശദീകരിച്ചു.
സഊദിയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടും സംഘർഷം വർധിപ്പിച്ചുകൊണ്ടുമുള്ള നീക്കങ്ങളാണ് അവർ നടത്തുന്നത്. അന്താരാഷ്ട്ര നിയമപ്രകാരവും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ (51) പ്രകാരവുമുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിച്ചും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അതിലെ കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ടും ഈ ആക്രമണങ്ങളെ നേരിടുമെന്ന് മേജർ ജനറൽ അൽ-മാലിക്കി പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരവും ദേശീയ ആസ്തികളും സംരക്ഷിക്കുന്നതിനും, സാധാരണക്കാരെയും അവരുടെ സ്വത്തുക്കളെയും ഇത്തരം ഹീനമായ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനുമായി സഖ്യസേനയുടെ സംയുക്ത കമാൻഡ് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച അർദ്ധരാത്രിയും തെക്കൻമേഖലയിലെ പട്ടണങ്ങളിൽ ഹൂതികൾ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സഊദി അറേബ്യ ഇന്ന് പ്രത്യാക്രമണങ്ങളും നടത്തിയിരുന്നു. പിന്നാലെയാണ് വീണ്ടും സഊദി നഗരങ്ങളെ കേന്ദ്രീകരിച്ചു ഹൂതികൾ ആക്രമണങ്ങൾ നടത്തിയ വിവരം സഊദി അറേബ്യ പുറത്ത് വിട്ടത്. തെക്കൻ മേഖലയിൽ സഊദി അറേബ്യ ജാഗ്രതയിലാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
