യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും അറസ്റ്റിൽ

News Desk
1 Min Read

സേലം: തമിഴ്നാട്ടിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. സേലം ഓമലൂരിൽ വി.ഭൂപതി (45) എന്നയാളാണ് കൊല്ലപ്പെട്ടത്. ഭൂപതിയുടെ ഭാര്യയായ സുജിത ശ്രീയെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഓമലൂർ–ശങ്കരി റോഡിൽ ആറ്റുകാർന്നൂർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം ചൊവ്വാഴ്ചയാണ് ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിലായിരുന്നു ഭൂപതി.

രാവിലെ താനും ഭർത്താവും ക്ഷേത്രത്തിൽ പോകുന്നതിനിടെ മോഷ്ടാക്കൾ കാർ തടഞ്ഞ് ഭൂപതിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് സുജിത ആദ്യം പൊലീസിനു നൽകിയ മൊഴി. അ‍ജ്ഞാതരായ മൂന്നുപേർ ഭൂപതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നും തുടർന്ന് തന്റെ 12 പവന്റെ ആഭരണങ്ങളുമായി കടന്നു കളഞ്ഞെന്നുമാണ് സുജിത പൊലീസിനോടു പറഞ്ഞതെന്ന് ഓമലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എം. ഷൺമുഖം പറഞ്ഞു. എന്നാൽ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് ഭൂപതിയുടെ കൊലപാതകത്തിനു പിന്നിലെ സത്യം പുറത്തുവന്നത്. ഭൂപതിയുടെ സഹോദരിയും മറ്റ് ബന്ധുക്കളും സുജിതയുടെ മൊഴിയിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഭൂപതിയും സുജിതയും പതിവായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസിയായ സന്തോഷ് രാജ് എന്നയാളുമായി സുജിതയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സന്തോഷുമായുള്ള ബന്ധത്തെച്ചൊല്ലി തിങ്കളാഴ്ച രാത്രിയും സുജിതയും ഭൂപതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. തർക്കത്തിനിടെ സുജിത ഭൂപതിയെ തള്ളി താഴെയിട്ടു.

തലയിടിച്ചുവീണ ഭൂപതിക്ക് ഗുരുതര പരുക്കേൽക്കുകയും ബോധരഹിതനാകുകയും ചെയ്തു. ഇതോടെ സുജിത സന്തോഷിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം കാറിൽ കയറ്റി ആറ്റുകാർന്നൂരിലെത്തിച്ച ശേഷമാണ് കവർച്ചനാടകം സൃഷ്ടിച്ച് പൊലീസിെന അറിയിച്ചത്. 13കാരനായ മകനും ഭൂപതിയെ കൊലപ്പെടുത്താൻ സഹായിച്ചെന്ന് പൊലീസ് പറയുന്നു. സുജിതയെയും സന്തോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!