ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടിയ ദമ്പതിമാർ കസ്റ്റഡിയിൽ. പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കളാണ് പിടിയിലായത്. ചെന്നൈയിൽ തമിഴ്നാട് സെക്രട്ടേറിയറ്റിന് സമീപം വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡിന് ഇരുവരും നിന്നിരുന്ന ജനക്കൂട്ടത്തിൽനിന്ന് ദമ്പതിമാർ റോഡിലേക്ക് ചാടിവീഴുകയും വാഹനവ്യൂഹം തടഞ്ഞുനിർത്താൻ ശ്രമിക്കുകയുമായിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനം നൽകാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് സൂചന. എന്നാൽ പൊലീസ് ഇവരെ തടഞ്ഞു. ‘അവർ പെട്ടെന്ന് വാഹനവ്യൂഹത്തിനു നേരെ ചാടി വീഴുകയായിരുന്നു. പക്ഷേ പൊലീസ് പെട്ടെന്ന് അവരെ പിന്തുടർന്നെത്തി പിടികൂടി. അവരെ ചോദ്യം ചെയ്യുകയാണ്.’–ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ശിവഗംഗ ജില്ലയിലെ മനമധുരൈയിൽ പൊലീസ് കസ്റ്റഡിയിൽവച്ച് മരിച്ച എൻജിനീയറിങ് വിദ്യാർഥിയായ ആകാശ് ഡെലിസണിന്റെ മാതാപിതാക്കളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. മാർച്ചിലാണ് ആകാശ് മരിച്ചത്. മകന് നീതിവേണമെന്നാവശ്യപ്പെട്ട് അന്നുമുതൽ രക്ഷിതാക്കളും ബന്ധുക്കളും പ്രക്ഷോഭത്തിലാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
