സൗത്താംപ്ടൺ: യുകെയിൽ സൗത്താംപ്ടണിലെ പോർട്സ്‌വുഡിൽ മലയാളി യുവാവിന് കുത്തേറ്റു. 36 വയസ്സുകാരനായ യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പോർട്സ്‌വുഡിലെ ബ്രൂക്ക്‌വെയിൽ റോഡിലെ ഒരു ഫ്ലാറ്റിൽ ഒരാൾക്ക് കുത്തേറ്റതെന്ന് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് വയറിന് കുത്തേറ്റ നിലയിൽ ഗുരുതര പരുക്കുകളോടെ യുവാവിനെ കണ്ടെത്തിയത്. പാരാമെഡിക്കുകൾ ആശുപത്രിയിലെത്തിച്ച ഇയാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്ന് ഹാംപ്ഷയർ പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 38 വയസ്സുകാരനായ പുരുഷനെ കൊലപാതകശ്രമം നടത്തിയെന്ന സംശയത്തിലും 29 വയസ്സുകാരിയായ സ്ത്രീയെ കുറ്റകൃത്യത്തിന് സഹായം നൽകിയെന്ന സംശയത്തിലുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സൗത്താംപ്ടണിൽ താമസിക്കുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണെന്ന സൂചനകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് പ്രതികളുടെ പേരു വിവരങ്ങളോ മറ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങളോ നൽകിയിട്ടില്ല.
സംഭവസ്ഥലത്ത് നിന്ന് ഒരു കത്തി പൊലീസ് കണ്ടെടുത്തു. അന്വേഷണം തുടരുകയാണ്. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളോ എന്തെങ്കിലും വിവരം കൈവശമുള്ളവരോ പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ഹാംപ്ഷയർ പൊലീസ് അഭ്യർഥിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
