ശൂരനാട്: ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ തട്ടുകടയിൽ സംഘംചേർന്ന് ആക്രമണം. നടത്തിപ്പുകാരായ ദമ്പതിമാരെ ഉപദ്രവിക്കുകയും ചില്ല് അലമാരയും മറ്റ് ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. നടത്തിപ്പുകാരുടെ പരാതിയിൽ രണ്ടുപേരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരുമായുണ്ടായ വാക്കേറ്റത്തിനിടയിൽ തലയിടിച്ചുവീണ് ഒരാൾക്ക് പരിക്കേറ്റതായും പരാതി.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകടയിലായിരുന്നു സംഭവം. പന്തൽ പണിക്കാരായ ഇവർ മനാഫും ഭാര്യ സീനത്തും ചേർന്ന് നടത്തുന്ന കടയിലെത്തി കഴിക്കാൻ ദോശ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം വന്നവർക്ക് സാധനം കൊടുത്തു. അത് മൂന്നംഗസംഘം ചോദ്യംചെയ്തു. താമസിച്ചെന്ന കാരണംപറഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമായി. ക്ഷുഭിതരായ അവർ അലമാരയുടെ ചില്ലുകൾ അടിച്ചുതകർക്കുകയും കിട്ടിയതെല്ലാം നശിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
സംഭവമറിഞ്ഞ് ശൂരനാട് പോലീസ് സ്ഥലത്തെത്തി. പോലീസുമായും വാക്കേറ്റമുണ്ടായതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവർ പിടിയിലായി. ഒരാൾ ഒളിവിലാണ്. ചില്ലുതറച്ച് അജിയുടെ കൈക്ക് പരിക്കേറ്റു.
സംഘർഷത്തിനിടയിൽ വീണ് തലയ്ക്കും മുറിവേറ്റു. പോലീസ് പിടിച്ചുതള്ളിയപ്പോഴാണ് വീണതെന്നാണ് പരാതി. എന്നാൽ പോലീസ് നിഷേധിച്ചു. ചികിത്സതേടിയശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവംകഴിഞ്ഞു മടങ്ങിയ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ െവച്ചാണ് അറസ്റ്റ് ചെയ്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
