കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗിക ആവശ്യങ്ങൾക്കായി എത്തുന്ന ഇടപാടുകാർക്ക് എതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. ഇവിടെ എത്തുന്നവരെ വ്യഭിചാര പ്രവർത്തനങ്ങളുടെ ഭാഗമായി കണക്കാക്കാം. 1956ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ 5, 7 വകുപ്പുകൾ പ്രകാരം അവർക്കെതിരെ കേസ് എടുക്കാമെന്നും ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുനമ്പം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയായ ചാവക്കാട് സ്വദേശി നൗഷാദ് സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക ഉത്തരവ്. ലോഡ്ജിൽ വച്ച് ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിച്ച് നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ 3, 4, 5 വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. എന്നാൽ താൻ വെറുമൊരു ‘ഇടപാടുകാരൻ’ മാത്രമാണെന്നും അതിനാൽ ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ നിയമ പ്രകാരമുള്ള കുറ്റങ്ങൾ തനിക്കെതിരെ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാൻ ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ വേവ്വേറെ സിംഗിൾ ബെഞ്ചുകളിൽ നിന്ന് ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നേരത്തെ ഉയർന്നിരുന്നു. വിജയകുമാർ കേസ്, ജിത്ത് ജോയ് കേസ് എന്നിവയിൽ ഇടപാടുകാരനായി എത്തുന്നയാൾ കുറ്റക്കാരനല്ല എന്ന നിലപാടിലായിരുന്നു ഉത്തരവുകൾ. എന്നാൽ മാത്യു കേസ്, അഭിജിത്ത് കേസ്, ശരത് ചന്ദ്രൻ കേസ് എന്നിവയിൽ ഇടപാടുകാരൻ നൽകുന്ന പണം ലൈംഗിക ചൂഷണത്തിനുള്ള പ്രേരണയാണെന്നും അതിനാൽ 5, 7 വകുപ്പുകൾ ബാധകമാണെന്നുമുള്ള വിരുദ്ധ ഉത്തരവുകളും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്.
അനാശാസ്യകേന്ദ്രം എന്നത് ലൈംഗിക ചൂഷണത്തിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാൻ നടത്തുന്ന സ്ഥാപനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പണം നൽകി ഇത്തരം സേവനം തേടുന്ന ഇടപാടുകാരൻ ഈ ബിസിനസ് വ്യവസ്ഥിതിയെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 7–ാം വകുപ്പിലെ ‘വ്യഭിചാരം നടത്താൻ പങ്കാളിയാകുന്ന വ്യക്തി’ എന്ന നിർവചനത്തിലും 5–ാം വകുപ്പിലെ സാമ്പത്തികം നൽകി ‘പ്രേരിപ്പിക്കുന്ന വ്യക്തി’ എന്ന നിർവചനത്തിലും ഇടപാടുകാരൻ ഉൾപ്പെടും.
വാണിജ്യ അടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും തടയുകയാണ് ഈ നിയമത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും ഇടപാടുകാരെ കുറ്റവിമുക്തരാക്കിയാൽ നിയമത്തിന്റെ മൂല്യം ഇല്ലാതാകുമെന്നും കോടതി വ്യക്തമാക്കി. തുടർന്ന്, ഇടപാടുകാർക്ക് ഒഴിവാകാനാകില്ലെന്ന മാത്യു, അഭിജിത്ത്, ശരത് ചന്ദ്രൻ കേസുകളിലെ നിയമ വ്യാഖ്യാനമാണ് ശരിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇടപാടുകാരെ ഒഴിവാക്കിയിരുന്ന പഴയ ഉത്തരവുകൾ റദ്ദാക്കി.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
