റിയാദ്: റെഡ് ലൈറ്റ് തെളിഞ്ഞിരിക്കുമ്പോൾ വലത്തോട്ട് തിരിയുന്നതുമായി ബന്ധപ്പെട്ട കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കി സഊദി ട്രാഫിക് വിഭാഗം. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സിഗ്നൽ തെറ്റിച്ച് പോകുന്നവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ ഭീമമായ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വലത്തോട്ട് തിരിയുമ്പോൾ പാലിക്കേണ്ട പ്രധാന നിയമങ്ങൾ:
പൂർണ്ണമായി നിർത്തണം: സിഗ്നലിൽ ചുവപ്പ് വെളിച്ചമുള്ളപ്പോൾ റൈറ്റ് ടേൺ എടുക്കുന്നതിന് മുൻപ് വാഹനം നിർത്തി റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
ത്രികോണ അടയാളം: ഇന്റർസെക്ഷനിലെ കോണിൽ റോഡിൽ ത്രികോണ അടയാളമുണ്ടെങ്കിൽ, അതിന് മുൻപായി തന്നെ വാഹനം വലത്തോട്ട് തിരിക്കണം. ഈ ത്രികോണത്തിന് ശേഷം തിരിയുന്നത് സിഗ്നൽ ലംഘനമായി കണക്കാക്കും.
വലത് ലൈൻ മാത്രം ഉപയോഗിക്കുക: സർവീസ് റോഡുകളില്ലാത്ത പ്രധാന റോഡുകളിൽ, തിരിയുന്നതിന് മുൻപ് തന്നെ വാഹനം ഏറ്റവും വലത് ലൈനിൽ നിലനിർത്തേണ്ടതുണ്ട്.
സർവീസ് റോഡുള്ള സ്ഥലങ്ങളിൽ: പ്രധാന റോഡിനൊപ്പം സർവീസ് റോഡുകൂടിയുള്ളയിടങ്ങളിൽ, സർവീസ് റോഡിലേക്ക് പ്രവേശിച്ച് ഏറ്റവും വലത് ലൈനിൽ കൂടി മാത്രമേ വലത്തോട്ട് തിരിയാൻ പാടുള്ളൂ.
മിന്നുന്ന ചുവന്ന അമ്പടയാളം തെളിഞ്ഞുനിൽക്കുമ്പോഴും, ‘വലത്തോട്ട് തിരിയരുത് എന്ന ബോർഡ് സ്ഥാപിച്ചിട്ടുള്ളയിടങ്ങളിലും’ വലത്തോട്ട് തിരിയാൻ പാടില്ലായെന്നും മുറൂർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ വലത്തോട്ട് തിരിയുന്നത് സിഗ്നൽ തെറ്റിക്കുന്നതിന് തുല്യമായ ഗുരുതര നിയമലംഘനമായി കണക്കാക്കി പിഴ ചുമത്തും.
ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി എല്ലാ ഘട്ടങ്ങളിലും ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കണമെന്ന് ട്രാഫിക് വിഭാഗം അഭ്യർത്ഥിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
