കോഴിക്കോട്: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ ഖാദർ. ലീഗ് മുഖപത്രമായ ചന്ദ്രികയിലെഴുതിയ ലേഖനത്തിലാണ് സിപിഐയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്.
യുഡിഎഫിന്റെ ഭാഗമായാൽ ദേശീയ തലത്തിലെ ഇന്ത്യാ സഖ്യം കേരളത്തിലും വളച്ചുകെട്ടില്ലാതെ സിപിഐയ്ക്ക് തുടരാനാകുമെന്നും കെ.എൻ.എ ഖാദർ ലേഖനത്തിൽ വിശദീകരിക്കുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ജനപ്രതിനിധികളുടെ കൂടുമാറ്റവും മുന്നണി മാറ്റവും പുതിയ സംഭവമല്ലെന്നും, കേരളത്തിലെ കനത്ത തോൽവിക്ക് പിന്നാലെ എൽ.ഡി.എഫ് അനൈക്യമുന്നണിയായി പുകയുകയാണെന്നും കെ.എൻ.എ ഖാദർ. ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിയമസഭയിൽ സി.പി.ഐ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതിപക്ഷ ഉപനേതാവ് പദവി ലഭിച്ചില്ലെങ്കിൽ രാജ്യസഭാ സീറ്റ് സി.പി.എമ്മിന് നഷ്ടപ്പെടുത്താൻ സി.പി.ഐ ശ്രമിച്ചേക്കാം. യു.ഡി.എഫിന് ബാക്കിയുള്ള 30 ഫസ്റ്റ് വോട്ടുകളും സി.പി.ഐയുടെ 8 വോട്ടുകളും പ്രയോജനപ്പെടുത്തിയാൽ യു.ഡി.എഫിന് ഒരു രാജ്യസഭാ സീറ്റ് കൂടി നേടാനും നിയമസഭയിലെ ഭൂരിപക്ഷം 110 ആയിയർത്തി എൽ.ഡി.എഫിൽ പിളർപ്പുണ്ടാക്കാനും സാധിക്കും.
സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള പ്രശ്‌നം കേവലം പാർലമെന്ററി പദവികൾ മാത്രമല്ല, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ്. 1964-ലെ പിളർപ്പിന് കാരണമായ കാര്യങ്ങൾ അസത്യമാണെന്ന വാദം സി.പി.ഐ ഉപേക്ഷിച്ചിട്ടില്ല. മാതൃസംഘടനയായ സി.പി.ഐ, സി.പി.എമ്മിലേക്ക് പോകുന്നത് നടക്കാത്ത സ്വപ്നമാണ്. സി.പി.ഐ യു.ഡി.എഫുമായി സഹകരിച്ചാൽ അവരുടെ പാർട്ടി നിലപാടുകൾക്ക് ക്ഷതം സംഭവിക്കില്ലെന്ന് മാത്രമല്ല, ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നത് കൂടുതൽ സങ്കീർണ്ണതകൾ ഒഴിവാക്കാനും സഹായിക്കും. സി.പി.എം കേരള ഘടകത്തിന്റെ വീഴ്ചകളുടെ ഭാരം പേറേണ്ടി വരില്ലെന്നതാണ് സി.പി.ഐക്ക് ഏറ്റവും വലിയ ആശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
