ഷാർജ: ഷാർജയിൽ താമസസ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചതിന്റെ ഞെട്ടലിലാണ് പ്രവാസലോകം. ഷാർജ നബ്ബ മേഖലയിലെ ഫ്ലാറ്റിൽ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. മലയാളികളായ മുബാറക് അലിയുടെയും മുർഷിദയുടെയും ഏക മകൾ സഫ മുബാറക് ആണ് മരിച്ചത്. അജ്മാനിലെ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സഫ.
കൊതിതീരും മുൻപേ വിടപറഞ്ഞുപോയ ആ മാലാഖക്കുട്ടിയെ അവസാനമായി ഒരുനോക്കു കാണാൻ ഒഴുകിയെത്തിയത് നൂറുകണക്കിനു പ്രവാസികളാണ്. ഷാർജയിലെ ഫോറൻസിക് ലബോറട്ടറി പരിസരം പ്രവാസലോകത്തിന്റെ വിങ്ങിപ്പൊട്ടലുകൾക്കും കണ്ണീരിനും സാക്ഷിയായി. ഇന്ന് ഉച്ചയ്ക്ക് 2ന് ഷാർജ മുഗൈദർ ദൈദ്-അൽ റിഫാ റോഡിലെ ഫോറൻസിക് ലബോറട്ടറിയിൽ നടന്ന ചടങ്ങിൽ കുഞ്ഞുമോളുടെ മുഖം കാണാൻ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും പ്രവാസികളുമടക്കം വൻ ജനവലിയാണ് എത്തിയത്. പ്രാർഥനകളോടെയും ഹൃദയം നുറുങ്ങുന്ന സങ്കടത്തോടെയുമാണ് പ്രവാസി സമൂഹം കൊച്ചുസഫയ്ക്ക് യാത്രയയപ്പ് നൽകിയത്.
ജനലിന്റെ സ്ലൈഡിങ് ഡോർ തുറക്കുകയും അബദ്ധത്തിൽ താഴേക്ക്
സംഭവം നടക്കുമ്പോൾ സഫ വീട്ടിൽ ഒറ്റയ്ക്കായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മ മുർഷിദ ജോലി ആവശ്യത്തിനായി നേരത്തെ പുറപ്പെട്ടിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന പിതാവ് മുബാറക് അലി താഴെ നിർത്തിയിട്ടിരുന്ന കാറിനടുത്തേക്ക് പോയ സമയത്താണ് അപകടമുണ്ടായത്. ഈ സമയം ഉറക്കത്തിലായിരുന്ന സഫ ഉണർന്നപ്പോൾ ജനലിന്റെ സ്ലൈഡിങ് ഡോർ തുറക്കുകയും അബദ്ധത്തിൽ താഴേക്ക് വീഴുകയുമായിരുന്നുവെന്നാണ് കരുതുന്നത്.
ഉറക്കമുണർന്ന സഫ അച്ഛനെ തിരക്കി സ്ലൈഡിങ് ജനൽ തുറന്ന് പുറത്തേക്ക് നോക്കാൻ ശ്രമിച്ചപ്പോൾ ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്നോടെ ആ ജീവൻ പൊലിഞ്ഞു.
ഷാർജ പൊലീസ് അന്വേഷണം
അവധിക്ക് നാട്ടിൽ പോയി അടുത്തിടെയാണ് കുടുംബം യുഎഇയിൽ തിരിച്ചെത്തിയത്. വരുന്ന ആഴ്ച സ്കൂൾ തുറക്കുമ്പോൾ തിരികെ പോകാനുള്ള സന്തോഷത്തിലായിരുന്നു കുട്ടി. കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് മാതാപിതാക്കളും ബന്ധുക്കളും. പൊലീസുമായും ബന്ധപ്പെട്ട അധികൃതരുമായും ചേര്ന്ന് നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുബായിൽ നിന്ന് ഇന്ന് രാത്രി 11.45-ന് മംഗളൂരുവിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ജന്മനാട്ടിലെ വീട്ടിനടുത്തുള്ള പള്ളി ഖബർസ്ഥാനിൽ മൃതദേഹം അടക്കം ചെയ്യും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
