‘ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാൽ’; ഷൗക്കത്ത് മരിച്ച സംഭവത്തിൽ ​ഗതാ​ഗത കമ്മീഷണറുടെ റിപ്പോർട്ട്

malayalampress
1 Min Read

തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാലെന്ന് റിപ്പോർട്ട് പറയുന്നു. രൂപമാറ്റങ്ങള്‍ ഒഴിവാക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല. അത് കൊണ്ടാണ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഷൗക്കത്ത് 2021 ജൂൺ ഏഴിനാണ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകി. രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ 11ന് കൊണ്ടോട്ടി എഎംവിഐ മുൻപാകെ വാഹനം ഹാജരാക്കി.

എന്നാല്‍ സർട്ടിഫിക്കറ്റ് നിരസിച്ചു. ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലും വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു. ഈ മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും പരിശോധനയ്ക്കായി ഹാജരാക്കാൻ ആവശ്യപ്പെട്ടുവെന്നും പറയുന്നു. വീണ്ടും പരിശോധനക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഷൗക്കത്ത് പങ്കുവെച്ചത്. സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെ ഉദ്യോഗസ്ഥൻ നിർദേശിച്ച മറ്റ് മാറ്റങ്ങളെല്ലാം വരുത്തിയിരുന്നു.

റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് ഷൗക്കത്ത് തന്നെ പകർത്തിയ ദൃശ്യങ്ങളിലുണ്ട്. ഇതിനായി താൻ ഒരുപാട് പണം ചെലവാക്കിയെന്ന് ഷൗക്കത്ത് പറയുന്നുണ്ട്.

തള്ളിനിൽക്കുന്ന ഭാഗങ്ങൾ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നതും കാണാം. ദൃശ്യങ്ങളിലുള്ളത് പ്രേംകുമാർ എന്ന ഉദ്യോഗസ്ഥൻ. ഇയാൾ 2026 മാർച്ച് 16ന് കോഴിക്കോട് രാമനാട്ടുകര സബ് ആർടിഒ ഓഫിസിലേക്ക് സ്ഥലംമാറിപ്പോയി. വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കി മടങ്ങിപ്പോയതിന് ശേഷം പിന്നീട് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് വാഹനം കൊണ്ടുവന്നിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം, ഫിറ്റ്നസ് നിരസിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!