അബുദാബി: ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തെ രണ്ടാമത് വാരാന്ത്യ ഇ-നറുക്കെടുപ്പിൽ മലയാളികളടക്കം നാല് ഇന്ത്യൻ പ്രവാസികൾക്ക് സമ്മാനം. വിജയികളായ നാലുപേർക്കും 25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതമാണ് ലഭിച്ചത്.
മലയാളികളായ മണികണ്ഠൻ മോഹനൻ(39), തോമസ് വർഗീസ്(64) എന്നിവരും ഇന്ത്യക്കാരനായ മുഹമ്മദ് സാഹിർ, സാജിദ് ഖാൻ(56) എന്നിവർക്കാണ് ഭാഗ്യം ലഭിച്ചത്.
നഴ്സായ മണികണ്ഠൻ മോഹനന് ബിഗ് ടിക്കറ്റിലെ രണ്ടാമത്തെ പരീക്ഷണത്തിലാണ് ഭാഗ്യം തുണച്ചത്. മുൻപ് ഒരൊറ്റ തവണ മാത്രം പങ്കെടുത്തിട്ടുള്ള ഇദ്ദേഹം, അബുദാബി വിമാനത്താവളത്തിലെ കൗണ്ടറിൽ നേരിട്ടെത്തിയാണ് ഇത്തവണ ടിക്കറ്റെടുത്തത്. തികച്ചും യാദൃച്ഛികമായി തിരഞ്ഞെടുത്ത ഈ ടിക്കറ്റിന് സമ്മാനം ലഭിച്ചെന്ന വിവരമറിഞ്ഞപ്പോൾ വലിയ സന്തോഷമായെന്ന് മണികണ്ഠൻ പറഞ്ഞു. സമ്മാനത്തുക ബാങ്കിൽ സമ്പാദ്യമായി സൂക്ഷിക്കാനാണ് തൽക്കാലം ഇദ്ദേഹത്തിന്റെ തീരുമാനം.
കഴിഞ്ഞ 20 വർഷമായി യുഎഇയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന തോമസ് ഗീവർഗീസിന് ഇത് വർഷങ്ങളായുള്ള പങ്കാളിത്തത്തിന്റെ ഫലമാണ്. സുഹൃത്തുക്കൾക്കൊപ്പം നാലുപേരടങ്ങുന്ന ഗ്രൂപ്പായാണ് ഇത്തവണ അദ്ദേഹം ഭാഗ്യം പരീക്ഷിച്ചത്. വിജയിയായ വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ നേരിട്ട് വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും തത്സമയ സംപ്രേഷണത്തിൽ സ്വന്തം പേര് കണ്ടപ്പോഴാണ് ബോധ്യപ്പെട്ടതെന്നും തോമസ് പറഞ്ഞു. സമ്മാനത്തിലെ സ്വന്തം വിഹിതം നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കാനാണ് തീരുമാനം.
മുഹമ്മദ് സാഹിർ ഓൺലൈൻ വഴി എടുത്ത 290-094275 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. പുണെ സ്വദേശിയും ബിസിനസുകാരനുമായ സാജിദ് ഖാൻ കഴിഞ്ഞ 33 വർഷമായി യുഎഇയിലുണ്ട്. വർഷങ്ങളായി ഒറ്റയ്ക്ക് ടിക്കറ്റുകൾ എടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ടെങ്കിലും ബിഗ് ടിക്കറ്റിൽ ആദ്യമായാണ് ഒരു വിജയം തേടിയെത്തുന്നത്. പ്രതിവാര നറുക്കെടുപ്പിലാണ് സമ്മാനമെന്നറിഞ്ഞത് വലിയ അദ്ഭുതമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മാനത്തുക ഉപയോഗിച്ച് മക്കളുമൊത്ത് മികച്ചൊരു അവധിക്കാല യാത്ര നടത്താനാണ് സാജിദ് പദ്ധതിയിടുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
