കോഴിക്കോട്: ദേശീയപാതയിൽ കാറിടിച്ചു പരുക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് ഫർസീൻ 25 മിനിറ്റോളം റോഡിൽ കിടന്നെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല.
ഈ സമയം ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോയെങ്കിലും ഒന്നും നിർത്തുകയോ ഫർസീനെ ആശുപത്രിയിലെത്തിക്കാൻ തയാറാകുകയോ ചെയ്തില്ല. ഈ സമയമത്രയും ചോര വാർന്ന് റോഡിൽ കിടക്കുകയായിരുന്നു കുട്ടി.
അത്തോളിയിലെ ദന്താശുപത്രിയിൽ ചികിത്സ കഴിഞ്ഞു മടങ്ങവേയാണ് അപകടമുണ്ടായത്. ഫർസീൻ സഞ്ചരിച്ച ബൈക്കിൽ അതേ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. ഇടിയേറ്റു റോഡിലേക്ക് തെറിച്ചുവീണ ഫർസീൻ എതിർദിശയിൽവന്ന മറ്റൊരു കാറിനടിയിലേക്ക് വീണു. റോഡിലൂടെ കടന്നുപോയവരാരും കുട്ടിയെ സഹായിക്കാൻ ശ്രമിച്ചില്ല, പകരം അപകടത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.
തൊഴിലാളികളും യാത്രക്കാരും അറിയിച്ചതിനെ തുടർന്ന് ഏകദേശം അരമണിക്കൂർ കഴിഞ്ഞ്, ആംബുലൻസെത്തിയാണ് ഫർസീനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഉച്ചയോടെ മരിച്ചു. ഫർസീനെ ഇടിച്ച കാർ ഇതുവരെ കണ്ടെത്തിയിട്ടില്ല.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
