തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടു നടന്ന ശ്രമങ്ങളെല്ലാം നടപടിക്രമങ്ങൾ പാലിച്ചാണെന്ന മുൻ കായികമന്ത്രി വി.അബ്ദുറഹിമാന്റെ വാദം സംശയത്തിലാക്കുന്ന രേഖകൾ പുറത്ത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി മന്ത്രി നടത്തിയെന്നു പറയുന്ന പല കത്തിടപാടുകളും സർക്കാർ ഫയലിൽ കാണാനില്ലെന്നാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
സർക്കാരിനെ മറികടന്ന് സ്പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) നേരിട്ട് കരാർ ഒപ്പിട്ടു. ഇതിനായി സർക്കാർ ഉത്തരവ് കായികവകുപ്പ് തിരുത്തി
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചെന്നു കാട്ടി 2024 ഡിസംബർ 24ന് കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ മേൽനോട്ടത്തിനായി കായികവകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനെ നിയമിച്ചെന്നും 2 പ്രദർശന മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള അനുമതി സ്പോൺസർക്കു നൽകിയെന്നുമായിരുന്നു ഉത്തരവ്.
എന്നാൽ ഇതിനും 4 ദിവസം മുൻപ് സ്പോൺസർ എഎഫ്എയുമായി കരാർ ഒപ്പുവച്ചിരുന്നു. ഇക്കാര്യം സർക്കാർ രേഖകളിൽ വന്നിട്ടില്ല. 2024 ഡിസംബർ 20ന് സ്പോൺസർ ഒപ്പുവച്ച കരാർ, കായിക വകുപ്പിൽ ഇല്ലെന്ന് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 210 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ടെൻഡറില്ലാതെ സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ കായികവകുപ്പ് നേരിട്ടു തിരഞ്ഞെടുത്തെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
2025 ജനുവരി 7ന് ആദ്യ ഉത്തരവ് കായികവകുപ്പ് തിരുത്തി. എഎഫ്എയുമായി കരാർ ഒപ്പിടാൻ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ ചുമതലപ്പെടുത്തിയെന്നായിരുന്നു പുതിയ ഉത്തരവ്.
എഎഫ്എ പ്രതിനിധികളുമായി വി.അബ്ദുറഹിമാൻ നേരിട്ട് ഇമെയിലിലൂടെയാണ് കത്തിടപാടു നടത്തിയതെന്ന് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്. 2 വർഷത്തിനുശേഷമാണു ചില കത്തിടപാടുകൾ ഫയലിൽ ചേർത്തത്. ഭൂരിഭാഗം കത്തിടപാടുകളും ഇപ്പോൾ ഫയലിൽ കാണുന്നില്ല. അർജന്റീനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കായികവകുപ്പിനു നിർദേശങ്ങൾ കൈമാറിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്പോൺസർ പണം അടയ്ക്കാൻ വൈകിയതിന്റെ പേരിൽ കരാർ റദ്ദാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എഎഫ്എ പ്രതിനിധികൾ വി.അബ്ദുറഹിമാന് 2 തവണ ഇമെയിൽ അയച്ചതിന്റെ രേഖകൾ പുറത്തു പ്രചരിക്കുന്നുണ്ടെങ്കിലും ഇതു സ്പെഷൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്താനായില്ല.
എഎഫ്എ ചീഫ് കമേഴ്സ്യൽ ആൻഡ് മാർക്കറ്റിങ് മാനേജർ ലിയാന്ദ്രേ പീറ്റേഴ്സൻ, ഇന്റർനാഷനൽ റിലേഷൻസ് ഹെഡ് പാബ്ലോ ജെ. ഡയസ് എന്നിവരുമായി തന്റെ ഔദ്യോഗിക ഇമെയിലിലൂടെ അന്നത്തെ കായികമന്ത്രി നടത്തിയതെന്ന മട്ടിലുള്ള കത്തിടപാടുകളിൽ ചിലതു പ്രചരിക്കുന്നുണ്ട്.
സർക്കാരിന്റെ ഔദ്യോഗിക ഇമെയിൽ അക്കൗണ്ട് വഴിയുള്ള സന്ദേശങ്ങളിൽ പലതിനും പൊന്നാനി എംഇഎസ് കോളജ് ഇംഗ്ലിഷ് വിഭാഗം അസി. പ്രഫസർ അമീറ ഐഷാ ബീഗത്തിനു കോപ്പിയുണ്ട്. എന്നാൽ കായികവകുപ്പ് സെക്രട്ടറിയും ഡയറക്ടറും ഉൾപ്പെടെ സർക്കാരുമായി ബന്ധപ്പെട്ട മറ്റാർക്കും കോപ്പി വച്ചിട്ടില്ല. ഈ ഇമെയിൽ സന്ദേശങ്ങളൊന്നും ഫയലിലും ഇല്ല.
അമീറ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമോ കായിക വകുപ്പുമായി ബന്ധപ്പെട്ടയാളോ ആയിരുന്നില്ല. സ്പോൺസർക്ക് പകർപ്പ് ഇല്ലാത്ത സന്ദേശങ്ങളിൽപോലും ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. സ്വകാര്യ വ്യക്തിക്ക് ഔദ്യോഗിക രേഖകൾ കൈമാറിയതിലും അന്വേഷണം വന്നേക്കും. എഎഫ്എ പ്രതിനിധി പാബ്ലോ ഡയസുമായി പരിചയമുള്ളതിനാൽ വിഷയത്തിൽ ഇടപെട്ടു എന്നാണ് അമീറയുടെ വിശദീകരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
