തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ദുരന്ത സമയത്ത് താൻ ഭക്ഷണം കഴിച്ചതിനെയും ഹെലികോപ്റ്റർ ഉപയോഗിച്ചതിനെയും തെറ്റായ രീതിയിൽ ചിത്രീകരിച്ച് ചില കേന്ദ്രങ്ങൾ ഹീനമായ അപവാദ പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ അന്തരിച്ച ശ്രീ ഹരിദാസിന്റെ വീട്ടിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് മൂന്ന് മണിക്ക് സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. മൂന്ന് മണിവരെ ആ കുടുംബം തനിക്കായി ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയായിരുന്നു.
വഴിമധ്യേ എല്ലാ ഉദ്യോഗസ്ഥരുമായും കളക്ടർമാരുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചതിൽ എന്ത് തെറ്റാണ് ഉള്ളതെന്നും മുൻ മുഖ്യമന്ത്രിമാർ ദുരന്ത സമയത്ത് നിരാഹാരം ഇരിക്കുകയായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
സ്വകാര്യ ആവശ്യത്തിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന സി പി എം നേതാക്കളുടെ പ്രചരണം തെറ്റാണ്. കൊച്ചിയിൽ എത്തിയ പ്രമുഖ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പുമായി ചർച്ച നടത്തുന്നതിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഡൽഹിക്ക് മടങ്ങാനിരുന്ന നിക്ഷേപകരെ കാണുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് അത്യാവശ്യമായിരുന്നു.
മുൻ സർക്കാർ അടുത്ത സെപ്റ്റംബർ 19 വരെ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് ഇത്. മാസം 80 ലക്ഷം രൂപ വാടക നൽകുന്നതിൽ 25 മണിക്കൂർ സൗജന്യ പറക്കൽ ലഭിക്കും. അതിനാൽ ഈ യാത്ര കൊണ്ട് സർക്കാറിന് ഒരു രൂപ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ല. പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാൻ താൻ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ച് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം നൽകിയ ചരിത്രമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
ദുരന്ത സമയത്ത് എല്ലാ രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. ഓഫീസിൽ നിന്ന് ഓരോ രണ്ടു മണിക്കൂറിലും വിവരങ്ങൾ നൽകുന്നുണ്ടെന്നും റവന്യൂ മന്ത്രി രണ്ട് തവണ വാർത്താസമ്മേളനം നടത്തി വിവരങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞത്ത് ബോട്ട് എത്തിക്കുന്നതും എ ൻ ഡി ആർ എ ഫ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സേവനങ്ങളും കൃത്യമായി ലഭ്യമാക്കുന്നുണ്ട്.
2018 ലെയും 2019 ലെയും പ്രളയത്തിന് ശേഷം എല്ലാ നദികളിലും അണക്കെട്ടുകളിലും വൻതോതിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് ഡാമുകളുടെ ശേഷി കുറയ്ക്കാനും ചെറിയ മഴയിൽ പോലും പുഴകളിൽ വെള്ളം പൊങ്ങാനും കാരണമാകുന്നു. കഴിഞ്ഞ എട്ടു വർഷമായി ഇത് മാറ്റാൻ നടപടിയുണ്ടായില്ല. അണക്കെട്ടുകൾ ഡീസിൽറ്റ് ചെയ്യാനും നദികളിലെ മണ്ണ് മാറ്റാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട്, വകുപ്പുകളിലെ ഒഴിവുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തസ്തികകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് മേധാവികൾക്കെതിരെ നടപടിയെടുക്കും. വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് മൂലം ഡിവിഷൻ ഫോൾ ഉണ്ടാകുമ്പോൾ നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കേണ്ടതുണ്ട്. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ പഠനം നടത്താൻ രണ്ടു മാസത്തെ സമയം ചോദിച്ചിട്ടുണ്ടെന്നും സാമ്പത്തിക ബാധ്യത കണക്കാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
