ന്യൂഡൽഹി: സിൽവർ ലൈനും ഇ. ശ്രീധരന്റെ ഹൈസ്പീഡ് റെയിൽവേ പദ്ധതിയും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഉപേക്ഷിച്ചെന്ന് കേന്ദ്ര സർക്കാർ. തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് പദ്ധതി നിലവിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നടപ്പാക്കാനാകില്ലെന്നാണു സംസ്ഥാനം അറിയിച്ചതെന്നും കേരളത്തിലെ റെയിൽവേ വികസനത്തിനു മുൻ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണു മറുപടി.
റെയിൽവേയ്ക്കു നിലവിൽ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നും രാജ്യത്തെ ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ കോച്ച് ഫാക്ടറികൾ നിലവിലുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിൽ വടക്ക് മുതൽ തെക്ക് വരെയുള്ള റെയിൽ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ നടന്നുവരുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിലെ കാലതാമസമാണു പ്രധാന വെല്ലുവിളി. വിവിധ പദ്ധതികൾക്കായി 618 ഹെക്ടർ ഭൂമി ആവശ്യമാണ്. ഇതിൽ 78 ഹെക്ടർ മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്. 1976 കോടി സംസ്ഥാന സർക്കാരിനു കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
മംഗളൂരു – കാസർകോട് – ഷൊർണൂർ, ഷൊർണൂർ – എറണാകുളം, തിരുവനന്തപുരം – കായംകുളം, ഷൊർണൂർ – കോയമ്പത്തൂർ എന്നീ പാതകളിൽ പുതിയ മൂന്നും നാലും വരികൾ നിർമിക്കുന്നതിനുള്ള ഫീൽഡ് ലൊക്കേഷൻ സർവേ പൂർത്തിയായിട്ടുണ്ട്. കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം മൂന്നാം വരിയുടെ ട്രാഫിക്് സർവേയും പൂർത്തിയായെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
