സഊദിയിൽ വീണ്ടും ഹൂതി ആക്രമണം; പള്ളികളും വീടുകളും തകർന്നു, പരിക്ക് | VIDEO

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യയിലെ ജിസാന്‍ മേഖലയില്‍ ഹൂതി വിമതര്‍ തൊടുത്തുവിട്ട പ്രൊജക്ടൈല്‍ പതിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. അല്‍തുവാല്‍ ഗവര്‍ണറേറ്റില്‍ ഇന്നലെ രാത്രിയോടെയുണ്ടായ ആക്രമണത്തില്‍ പള്ളിക്കും നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അടിയന്തര രക്ഷാപ്രവര്‍ത്തന നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ആക്രമണം സഊദിയുടെ തെക്കന്‍ നജ്‌റാന്‍ പ്രവിശ്യയിലെ ശറൂറയിലെ സൈനിക താവളമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ജിസാന്‍ മേഖലയിലെ ആക്രമണത്തിന് പിന്നാലെ ഖമീസ് മുഷൈത്ത്, അബഹ ഗവര്‍ണറേറ്റിലെ അപകടനില അവസാനിച്ചതായും താമസക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിച്ചതായും സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും ഹൂതികള്‍ സഊദിയുടെ തെക്കന്‍ മേഖലകളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച അബ്ഹ, ഖമീസ് മുഷൈത്ത്, ജിസാന്‍, നജ്‌റാന്‍ നഗരങ്ങളിലെ സിവിലിയന്‍, സാമ്പത്തിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ക്ക് പരിക്കേറ്റിരുന്നു.

യമനിലെ ദീര്‍ഘകാല സംഘര്‍ഷം വീണ്ടും രൂക്ഷമായതിന്റെ ഭാഗമായാണ് സഊദിക്കെതിരായ ആക്രമണങ്ങള്‍. ഏകദേശം നാല് വര്‍ഷത്തെ ശാന്തതയ്ക്കുശേഷം ജൂലൈയില്‍ സംഘര്‍ഷം പുനരാരംഭിച്ചിരുന്നു. ഹൂതികള്‍ യമന്റെ ചെങ്കടല്‍ തീരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതായും തന്ത്രപ്രധാന തുറമുഖ നഗരമായ മൊഖ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷത്തില്‍ 500ലേറെ പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും പ്രാദേശിക ഉദ്യോഗസ്ഥരും അറിയിച്ചു. യെമന്‍ പ്രതിസന്ധിയില്‍ ഈ മാസം യു.എന്‍ സുരക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നിരുന്നു. യമന്‍ കൂടുതല്‍ അപകടകരമായ യുദ്ധഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് യു.എന്‍ പ്രത്യേക ദൂതന്‍ ഹാന്‍സ് ഗ്രുണ്ട്ബര്‍ഗ് മുന്നറിയിപ്പ് നല്‍കി. ദുരന്തസ്ഥലത്ത് നിന്ന് അൽ ഇഖ്ബാരിയ ടെലിവിഷൻ ചാനൽ പുറത്ത് വിട്ട ദൃശ്യങ്ങൾ കാണാം 👇.

വീഡിയോ 1

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!