കോട്ടയം: കൂരോപ്പടയിൽ ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത സംഭവം പൊലീസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം.
വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് വിവിധ ദിവസങ്ങളിൽ മരിച്ച മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി, ഭാര്യ ജോസ്ന, മൂത്തമകൾ മരിയ തെരേസ തോമസ് എന്നിവരുടെ മരണമൊഴി ജഡ്ജി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മൂവരും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് സൂചന. വിഷം എങ്ങനെ ഉള്ളിൽ ചെന്നുവെന്നത് സംബന്ധിച്ച് 3 പേരും മൂന്ന് തരത്തിലാണ് മൊഴി നൽകിയത്. ഇന്നലെ മരിച്ച ഇളയ മകൻ അലന്റെ മൊഴിയെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഡോക്ടർമാർ അനുവദിച്ചിരുന്നില്ല.
ജോസ്ന ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായി പറയപ്പെടുന്നത്. ഇവരെഴുതിയത് എന്നു കരുതപ്പെടുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അതിൽ പരാമർശിച്ചിട്ടുള്ള സ്ഥാപന മേധാവിയായ യുവതിയെ പൊലീസ് ബന്ധപ്പെട്ടിരുന്നു. സ്ഥാപനത്തിന് വരുത്തിയ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് തന്നോടുള്ള എതിർപ്പിന് കാരണമെന്നാണ് അവർ നൽകിയ മൊഴി.
അതേസമയം ചിട്ടിയുടെയും മറ്റും പേരിലായി ജോസ്ന പണം വാങ്ങിയെന്ന കൂടുതൽ പരാതികൾ പൊലീസിന് കിട്ടിയെന്നാണ് വിവരം. സാമ്പത്തിക ആരോപണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ ഫോൺവിളി രേഖകളും പരിശോധിച്ചേക്കും.
വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച മാതാപിതാക്കൾക്കും സഹോദരിക്കും പിന്നാലെ ഇളയ മകനും മരണത്തിന് കീഴടങ്ങി. മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാമിന്റെയും ജോസ്ന തോമസിന്റെയും മകൻ അലൻ തോമസ് (12) ആണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
അമ്മ ജോസ്ന തോമസ് (43), മകൾ മരിയ തെരേസ തോമസ് (17) എന്നിവർ ശനിയാഴ്ചയും പിതാവ് തോമസ് ഏബ്രഹാം (ജോബി-50) ഞായറാഴ്ചയുമാണ് മരിച്ചത്. അലനും മരിയ തെരേസയും മറ്റക്കര എൻഎസ്എസ് ഹൈസ്കൂളിലെ വിദ്യാർഥികളായിരുന്നു. കുടുംബത്തിന്റെ സംസ്കാരം നാളെ നടക്കും. നാളെ രാവിലെ 11ന് ചേപ്പുംപാറ മർത്തമറിയം ദൈവാലയ ഓഡിറ്റോറിയത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മൂന്നിന് പള്ളിയിൽ സംസ്കാരം നടക്കും.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
