ലോക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ കൗമാര താരങ്ങളിലൊരാളാണ് ലമിൻ യമാൽ (Lamine Yamal) എന്നതിൽ സംശയമില്ല. വെറും 19-ാം വയസ്സിൽ തന്നെ അദ്ദേഹത്തിന്റെ ട്രോഫി നേട്ടങ്ങളുടെ പട്ടിക സമ്പന്നമായി കഴിഞ്ഞു. 2026 ലോകകപ്പ് കിരീടം കൂടി ഇപ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.
ബാഴ്‌സലോണയ്‌ക്കൊപ്പം ലാ ലിഗ കിരീടം നേടിയ യമാൽ, സ്പെയിനിന്റെ യൂറോ 2024 കിരീട വിജയത്തിലും നിർണായക സംഭാവന നൽകി. കിലിയൻ എംബാപ്പെ, മൈക്കൽ ഒലിസെ തുടങ്ങിയ താരങ്ങൾക്കൊപ്പം ലോക ഫുട്ബോളിന്റെ ഭാവി നിർണയിക്കുന്ന താരനിരയിൽ മുൻപന്തിയിലാണ് യമാൽ.
ഇരുപത് വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെ, യമാലിന്റെ പേര് ഫുട്ബോൾ ചരിത്രത്തിലെ ശ്രദ്ധേയ അധ്യായങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ലമിൻ യമാലിന് ബാഴ്‌സലോണ നൽകുന്ന വാർഷിക അടിസ്ഥാന ശമ്പളം 1.8 കോടി ഡോളർ (ഏകദേശം 173 കോടി രൂപ) മുതൽ 2.15 കോടി ഡോളർ (ഏകദേശം 207 കോടി രൂപ) വരെയാണെന്നാണ് റിപ്പോർട്ടുകൾ .
2031 വരെ ക്ലബ്ബിൽ തുടരുന്ന തരത്തിലുള്ള ദീർഘകാല കരാറിലാണ് യമാൽ ഒപ്പുവെച്ചിരിക്കുന്നത്. നികുതി കുറയ്ക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ പ്രതിവാര വരുമാനം ഏകദേശം നാല് ലക്ഷം ഡോളർ (ഏകദേശം 3.85 കോടി രൂപ) വരെയാണെന്നും റിപ്പോർട്ടുകളുണ്ട്. ബോണസുകൾ ഉൾപ്പെടെ യമാലിന്റെ ആകെ വാർഷിക വരുമാനം 3.3 കോടി ഡോളർ (ഏകദേശം 317 കോടി രൂപ) വരെ ഉയരാൻ സാധ്യതയുണ്ട്. താരത്തെ സ്വന്തമാക്കാൻ മറ്റ് ക്ലബ്ബുകൾ ശ്രമിക്കുന്നത് തടയുന്നതിനായി ബാഴ്‌സലോണ 110 കോടി ഡോളറിന്റെ (ഏകദേശം 10,591 കോടി രൂപ) റിലീസ് ക്ലോസ് കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കളിക്കളത്തിലെ മികവിനൊപ്പം യമാലിന്റെ വാണിജ്യ മൂല്യവും അതിവേഗം ഉയരുകയാണ്. പരസ്യ കരാറുകളിലൂടെ മാത്രം പ്രതിവർഷം ഏകദേശം ഒരു കോടി ഡോളർ (ഏകദേശം 96 കോടി രൂപ) വരുമാനം ലഭിക്കുന്നതായാണ് കണക്കുകൾ. 2024ൽ ആഗോള കായിക ബ്രാൻഡായ അഡിഡാസുമായി യമാൽ നിർണായക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. പത്ത് വർഷം കാലാവധിയുള്ള ഈ കരാറിന് 3.4 കോടി ഡോളർ (ഏകദേശം 327 കോടി രൂപ) മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിന് പുറമെ ബീറ്റ്‌സ് ബൈ ഡ്രെ, ഒപ്പോ, കൊനാമി, പവർഎയ്ഡ്, അമേരിക്കൻ ഈഗിൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായും യമാൽ സഹകരിക്കുന്നു. ഫുട്ബോൾ ലോകത്തിന്റെ ഭാവി താരമെന്ന വിശേഷണത്തിനൊപ്പം, വലിയ സാമ്പത്തിക മൂല്യമുള്ള ആഗോള കായിക ബ്രാൻഡായി വളരുന്ന താരമായും ലമിൻ യമാൽ മാറിക്കഴിഞ്ഞിരിക്കുകയാണ്.
അർജന്റീനയ്‌ക്കെതിരായ ഫൈനലിൽ സ്പെയിനിനായി മുഴുവൻ 120 മിനിറ്റും കളിച്ച ലമിൻ യമാൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അർജന്റീനയുടെ പ്രതിരോധനിരയുടെ ഇടത് വിങ്ങിലൂടെ തുടർച്ചയായി ആക്രമണം നയിച്ച യമാൽ, സ്പാനിഷ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചു. നിശ്ചിത സമയത്തിനിടെ സ്പെയിനിന്റെ നിരവധി അവസരങ്ങൾ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തകർപ്പൻ സേവുകളിലൂടെ നിഷേധിച്ചു. മത്സരത്തിൽ നാല് ഷോട്ടുകളാണ് യമാൽ ഗോൾ ലക്ഷ്യമാക്കി തൊടുത്തത്. ഇതിൽ രണ്ടെണ്ണം മാർട്ടിനെസ് മികച്ച സേവിലൂടെ രക്ഷപ്പെടുത്തി. 44 പാസുകൾ പൂർത്തിയാക്കിയ യമാലിന്റെ പാസിങ് കൃത്യത 88 ശതമാനമായിരുന്നു. പ്രതിരോധത്തിലും തിളങ്ങിയ താരം ശ്രമിച്ച മൂന്ന് ടാക്കിളുകളും വിജയകരമായി പൂർത്തിയാക്കി. മൂന്ന് കോർണർ കിക്കുകളും അഞ്ച് ക്രോസുകളും യമാലിന്റെ പേരിലുണ്ടായിരുന്നു.
നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളിൽ യമാൽ എടുത്ത മനോഹരമായ കർളിങ് ഫ്രീകിക്ക് വിജയഗോളിനോട് ഏറെ അടുത്തെത്തിയെങ്കിലും, എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ ഡൈവിൽ പന്ത് വഴിമാറി. ഇതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. കിരീടനേട്ടത്തിന് പിന്നാലെ വികാരനിർഭരമായ നിമിഷങ്ങൾക്കും സ്റ്റേഡിയം സാക്ഷിയായി. കുട്ടിക്കാലം മുതൽ ആരാധിച്ചിരുന്ന ലയണൽ മെസ്സിയെ യമാൽ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.
ഇരുപത് വയസ്സ് തികയുന്നതിന് മുമ്പ് യൂറോ കപ്പും ലോകകപ്പും സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇതോടെ യമാൽ സ്വന്തമാക്കിഈ കിരീടവിജയത്തോടെ ലാമിൻ യമാലിന്റെ വരുമാനത്തിലും വാണിജ്യ മൂല്യത്തിലും ഗണ്യമായ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രകടന ബോണസുകളിലൂടെ പ്രതിവർഷം 3.3 കോടി ഡോളർ വരെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. യൂറോ 2024 കിരീടവിജയത്തിന് ശേഷം നൽകിയ മാതൃകയിൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും താരങ്ങൾക്ക് പ്രത്യേക സമ്മാനത്തുക പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
കളിക്കളത്തിന് പുറത്തും യമാലിന്റെ ബ്രാൻഡ് മൂല്യം അതിവേഗം ഉയരുകയാണ്. ലോക ഫുട്ബോളിലെ രണ്ട് പ്രധാന കിരീടങ്ങൾ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സ്വന്തമാക്കിയ താരമെന്ന നേട്ടം വിവിധ ആഗോള ബ്രാൻഡുകളുടെ ശ്രദ്ധ അദ്ദേഹത്തിലേക്ക് കൂടുതൽ ആകർഷിച്ചിട്ടുണ്ട്. ‘ബ്ലീപ് ഫിനാൻസ്’ റിപ്പോർട്ട് പ്രകാരം, യമാലിന്റെ ആസ്തി ഉടൻ തന്നെ ആറുകോടി യൂറോ (ഏകദേശം 659 കോടി രൂപ) പിന്നിടുമെന്നാണ് കണക്കാക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ആസ്തിയെക്കാൾ വളരെ വലുതാണിത്. വിജയ്ക്ക് 624 കോടി രൂപയുടെ മൂല്യമെന്നാണ് കണക്കാക്കപ്പെടുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
