നവരാത്രി ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കരുത്, ഉറപ്പാക്കാൻ ആധാർ പരിശോധിക്കണം: വിലക്കുമായി വി എച്ച് പി

News Desk
1 Min Read

മുംബയ്: നവരാത്രിയാേട് ബന്ധപ്പെട്ട ആഘാേഷങ്ങളിൽ മുസ്ലീം സമുദായ അംഗങ്ങൾ പങ്കെടുക്കുന്നത് വിലക്കി വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി). മഹാരാഷ്ട്രയിൽ എമ്പാടും നടക്കുന്ന ആഘോഷങ്ങളിൽ മുസ്ലീങ്ങളെ ഒരുകാരണവശാലും പങ്കെടുക്കാൻ അനുവദിക്കരുതെന്നും ഇത് ഉറപ്പാക്കാനായി പരിപാടികളിൽ പങ്കെടുക്കുന്നവരുടെ ആധാർ അടക്കം പരിശോധിക്കാനും സംഘാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർ നെറ്റിയിൽ തിലകം ചാർത്തണം എന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഗർബ,ദണ്ഡിയ പരിപാടികളിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ പങ്കെടുക്കുന്നത് തടയാൻ സംഘടന തീരുമാനിച്ചതായി വി എച്ച് പി വക്താവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീരാജ് നായർ പറഞ്ഞു. ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതിനുവേണ്ടിയാണ് നവരാത്രി ആഘോഷമെന്ന വാദത്തെ അടിസ്ഥാനമാക്കിയാണ് സംഘടനയുടെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. ‘നവരാത്രി എന്നത് പാട്ടും നൃത്തവും മാത്രമുള്ള ആഘോഷമല്ല. ദേവിയെ ആരാധിക്കുന്നതാണ് ഈ ഉത്സവത്തിന്റെ പ്രധാനഭാഗം. വിഗ്രഹാരാധനയെ എതിർക്കുന്ന മുസ്ലീംവിഭാഗത്തിൽപ്പെട്ടവർ എന്തിനാണ് ഇതിൽ പങ്കെടുക്കുന്നത്. ഹിന്ദു ആഘോഷങ്ങളുടെ സാംസ്കാരിക സ്വഭാവം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമാണിത്’- ശ്രീരാജ് നായർ പറഞ്ഞു.

നിയന്ത്രണങ്ങൾ മുൻകരുതൽ എന്നനിലയിൽ സ്വീകരിച്ചതാണെന്നും മുസ്ലീം വിഭാഗത്തെയോ മറ്റേതെങ്കിലും സമുദായത്തെയോ ലക്ഷ്യംവച്ചിട്ടല്ലെന്നും ശ്രീരാജ് നായർ സൂചിപ്പിച്ചു. അതിനിടെ വി എച്ച് പിയുടെ നിർദേശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മാർഗനിർദേശങ്ങളുടെ ഭരണഘടനാപരമായ സാധുതയെക്കുറിച്ചും വി എച്ച് പിയുടെ നിലപാടുകൾ ആർ എസ് എസ് നേതൃത്വം വ്യക്തമാക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!