സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച്: ലാത്തിച്ചാര്‍ജ്, കണ്ണീര്‍ വാതകം…

News Desk
1 Min Read

കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാര്‍ച്ച് പാര്‍ലമെന്റിനു സമീപമെത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നിട്ടുള്ളത്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഇതോടെ പൊലീസ് ലാത്തി വീശുകയും, കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പാര്‍ലമെന്റിന്റെ മുഴുവന്‍ ഗേറ്റുകളും അടച്ച്, പ്രവേശനം തടഞ്ഞിട്ടുണ്ട്.

വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കദിനമാണ് ചലോ സന്‍സദ് മാര്‍ച്ചിനായി സിജെപി തിരഞ്ഞെടുത്തത്. ജന്തര്‍മന്ദറില്‍ മാര്‍ച്ച് ആരംഭിച്ചപ്പോള്‍ തന്നെ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പൊലീസും സേനയും സ്ഥാപിച്ച ബാരിക്കേഡുകളും മറ്റും ഭേദിച്ചാണ് സിജെപി പ്രവര്‍ത്തകര്‍ മുന്നോട്ടുപോയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പല വഴികളിലൂടെയാണ് മാര്‍ച്ചില്‍ അണിചേര്‍ന്നത്. ഇത് പലപ്പോഴും പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായിരുന്നു. പൊലീസ് ലാത്തി വീശുകയും, കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

പരീക്ഷാക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപിയുടെ മാര്‍ച്ച്. ജന്തര്‍മന്ദറില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയതെങ്കിലും, യുവാക്കളുടെ കൂട്ടം നേരത്തെ തന്നെ പാര്‍ലമെന്റിനു സമീപവും തമ്പടിച്ചിരുന്നു. മാർച്ച് നേരിടാൻ ശക്തമായ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ജന്തർ മന്ദർ, പാർലമെന്റ് പരിസരം, വിജയ് ചൗക്ക്, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിൽ അധികസേനയെ വിന്യസിച്ചിരുന്നു. പ്രധാന മെട്രോ സ്റ്റേഷനുകളിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ലെന്നും അനുമതിയില്ലാതെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article