യുഎഇ – കുവൈത്ത് വിമാന സർവീസുകൾ റദ്ദാക്കി

News Desk
1 Min Read

അബുദാബി: മേഖലയിലെ സംഘർഷാവസ്ഥയെയും പ്രവർത്തനപരമായ വെല്ലുവിളികളെയും തുടർന്ന് യുഎഇക്കും കുവൈത്തിനുമിടയിലുള്ള വിവിധ വിമാന സർവീസുകൾ യുഎഇ വിമാനക്കമ്പനികൾ റദ്ദാക്കി. എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ എന്നീ പ്രമുഖ കമ്പനികളാണ് സർവീസുകൾ റദ്ദാക്കിയത്.

വിമാനങ്ങളുടെ പുതുക്കിയ സമയവിവരങ്ങൾ പരിശോധിക്കണമെന്നും ടിക്കറ്റ് മാറ്റുന്നതിനും മറ്റുമായി കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനും ഇടയിലുള്ള എമിറേറ്റ്സിന്റെ ഇന്നും നാളെയുമുള്ള പ്രധാന സർവീസുകളാണ് റദ്ദാക്കിയത്.

ദുബായിൽ നിന്ന് കുവൈത്തിലേക്കുള്ള ഇകെ 853, ഇകെ 855, ഇകെ 857, ഇകെ 859 വിമാനങ്ങളും, കുവൈത്തിൽ നിന്ന് ദുബായിലേക്കുള്ള ഇകെ 854, ഇകെ 856, ഇകെ 858, ഇകെ 860 സർവീസുകളുമാണ് റദ്ദാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നത്. കോഡ്‌ഷെയർ പങ്കാളികൾ നടത്തുന്ന സർവീസുകളുടെ വിവരങ്ങൾക്ക് അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകൾ പരിശോധിക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചു.

അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സിന്റെ ഇ വൈ 653, ഇ വൈ 654 വിമാനങ്ങൾ റദ്ദാക്കിയതായി കമ്പനി സ്ഥിരീകരിച്ചു. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കിവരികയാണെന്നും വിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഇമെയിലും പുതുക്കണമെന്നും ഇത്തിഹാദ് വ്യക്തമാക്കി.

ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള എയർ അറേബ്യയുടെ ഒട്ടേറെ കുവൈത്ത് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശം നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article