കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ റഷ്യയുടെ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി പറഞ്ഞു.
,യുദ്ധം തുടങ്ങിയതിനു ശേഷം യുക്രെയ്ൻ നേരിട്ട ഏറ്റവും വലിയ മിസൈൽ വർഷങ്ങളിൽ ഒന്നാണിത്. വിവിധ വിഭാഗങ്ങളിൽപ്പെട്ട 41 മിസൈലുകളാണ് റഷ്യ യുക്രെയ്നു നേരെ തൊടുത്തത്. നഗരത്തിലുടനീളം വൻ സ്ഫോടന പരമ്പരകളാണ് ഉണ്ടായത്.
മിസൈൽ വീണ് നിരവധി പാർപ്പിട സമുച്ചയങ്ങൾ തകർന്നു. കീവിലെ വെസ്റ്റേൺ ഡിസ്ട്രിക്റ്റിൽ തകർന്ന കെട്ടിടങ്ങളിൽ നിന്നും അവശിഷ്ടങ്ങൾ മാറ്റാനും തീ അണയ്ക്കാനുമുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകർ തുടരുകയാണ്. നഗരമധ്യത്തിനു സമീപമുള്ള ഒരു അടിപ്പാതയും ആക്രമണത്തിൽ പൂർണമായി തകർന്നു. കീവിനു പുറമെ അതിർത്തിയോട് ചേർന്നുള്ള ഖാർകിവ് മേഖലയിലും റഷ്യൻ ആക്രമണമുണ്ടായി. ഇവിടെ ഒരു നഗരപ്രാന്തത്തിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ അറിയിച്ചു.
അയൽപ്രദേശമായ സുമിയിലെ ഒരു പുനരധിവാസ കേന്ദ്രത്തിനു നേരെയും റഷ്യൻ സൈന്യം ആക്രമണം നടത്തിയതായി യുക്രെയ്ൻ ആക്ടിങ് വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. യുഎസ് നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കടുത്ത ക്ഷാമം യുക്രെയ്ൻ നേരിടുന്ന സാഹചര്യത്തിലാണ് റഷ്യ കീവിലും മറ്റ് നഗരങ്ങളിലും ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ചത്തെ ആക്രമണത്തിൽ 18 മിസൈലുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. ഇതോടൊപ്പം എത്തിയ 125 ഡ്രോണുകളിൽ 108 എണ്ണവും തകർക്കാൻ യുക്രെയ്ൻ പ്രതിരോധത്തിനായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
