ബന്ധുക്കളെ മോചിപ്പിക്കാൻ മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ, സെല്ലിനുള്ളിൽ തറയിൽ കിടന്നു; സിഐക്ക് സസ്പെൻഷൻ

News Desk
1 Min Read

തിരുവനന്തപുരം: നെടുമങ്ങാട് സ്‌റ്റേഷനിൽ ബന്ധുക്കളായ പ്രതികളെ മോചിപ്പിക്കാൻ അതിക്രമം കാട്ടിയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ സിഐ യഹിയക്ക് സസ്പെൻഷൻ. വെള്ളിയാഴ്ച ചുള്ളിമാനൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നാലു യുവാക്കളില്‍ രണ്ടു പേര്‍ തന്റെ ബന്ധുക്കളാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യഹിയ സ്‌റ്റേഷനിലെത്തിയത്. യഹിയയുടെ ആവശ്യം പൊലീസ് തള്ളിയതോടെ ഇയാള്‍ സെല്ലിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സെല്ലിനുള്ളില്‍ തറയില്‍ കിടന്ന യഹിയയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നു.

ആയുധങ്ങളുമായി അക്രമത്തിന് പുറപ്പെട്ട നാലംഗ സംഘത്തെയാണ് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ രണ്ട് പേർ തിരുവനന്തപുരത്ത് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ സിഐയായ യഹിയയുടെ ബന്ധുക്കളാണ്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാക്രമം. സംഭവം വിവാദമായതോടെയാണ് സിഐക്കെതിരെ കേസ് എടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനുമായിരുന്നു കേസ്. 

നേരത്തെയും സേനയിൽ നിരവധി അച്ചടക്ക ലംഘനങ്ങൾ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് യഹിയയെന്നാണ് വിവരം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നല്‍കാൻ നെടുമങ്ങാട് ഡിവൈഎസ്പിക്ക് തിരുവനന്തപുരം റൂറൽ എസ്പി നിർദേശം നല്‍കിയിരുന്നു. റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെയാണ് സസ്പെൻഷൻ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article