കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായി; കോഴിക്കോട്ട് പിടികൂടിയത് 16 കിലോ മിഠായികൾ

News Desk
1 Min Read

കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കൊളത്തറയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 16 കിലോയിലധികം കഞ്ചാവ് മിഠായികളുമായി ബിഹാർ സ്വദേശിയെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ബിഹാർ മധുബാനി ജില്ലയിലെ ഝാഞ്ചാചാർപുർ സ്വദേശി അസ്‌ലം അൻസാരി (35) ആണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി 9.55-ഓടെ കൊളത്തറ കണ്ണാട്ടിക്കുളം റോഡിലുള്ള ക്രെസെന്റ് ബസാറിലെ ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. കെട്ടിടത്തിലെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള ഒരു കടമുറിയോട് ചേർന്നുള്ള നമ്പർ ഇല്ലാത്ത മുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ.

16.220 കിലോഗ്രാം തൂക്കം വരുന്ന 3140 കഞ്ചാവ് മിഠായികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് ഇവ എത്തിച്ചതെന്നാണ് സൂചന. കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ എസ്. ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രിവെന്റീവ് ഓഫീസർ എൻ.എസ്. സുനീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി. ഷാഫി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് സി.പി. ഷാജു, ദീൻദയാൽ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ പി. അജിത്, വി.എസ്. ആശിൽദ്, കെ.എം. പ്രശാന്ത്, പി.പി. ജിത്തു എന്നിവരും പങ്കെടുത്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article