വിജയ് സർക്കാരിന് ആശ്വാസം; തമിഴ്നാട്ടിൽ ഗോവധത്തിന് നിരോധനമില്ല, മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

News Desk
1 Min Read

ഡൽഹി: തമിഴ്നാട്ടിൽ ഗോവധത്തിന് വിലക്കേർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വിജയ് സർക്കാർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

സംസ്ഥാനത്ത് പശുവിനെയോ കിടാവിനെയോ ബക്രീദ് തലേന്നോ മറ്റേതെങ്കിലും ദിവസമോ അറുക്കരുതെന്ന് ഉറപ്പാക്കണമെന്നായിരുന്നു മെയ് 27ലെ ഹൈക്കോടതി ഉത്തരവ്. ഉത്തരവിലെ അവസാന ഭാഗം തിരുത്തേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

1958ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ജോലിക്കും പ്രജനനത്തിനും ഉപയോഗിക്കാനാകാത്ത പത്തുവയസ്സിന് മുകളിലുള്ള പശുക്കളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ സർട്ടിഫിക്കറ്റോടെ അറുക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

അംഗീകൃത അറവുശാലകളിൽ മാത്രമേ മൃഗങ്ങളെ അറുക്കാവൂ എന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ജനറൽ സെക്രട്ടറി കെ.സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article