അബുദാബി: പ്രതീക്ഷിച്ചത് പോലെ തന്നെ, ആ കോടീശ്വരൻ മലയാളി. യുഎഇ ലോട്ടറി അടുത്തിടെ പ്രഖ്യാപിച്ച 30 ദശലക്ഷം ദിർഹം നേടിയ വിജയി, സുനിൽകുമാർ എന്ന് സൂചന നൽകിയ വ്യക്തി മലയാളി തന്നെയാണെന്ന് അധികൃതർ വെളിപ്പെടുത്തി. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരുടെ ജന്മദിന തീയതികൾ ചേർത്തുവച്ച് എടുത്ത ഒരൊറ്റ ലോട്ടറി ടിക്കറ്റ് അബുദാബിയിലെ ഈ മലയാളി പ്രവാസിയുടെ ജീവിതം മാറ്റിമറിച്ചു.
യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ‘ലക്കി ഡേ ഡ്രോ’ ജാക്‌പോട്ടിലൂടെ ഏതാണ്ട് 78 കോടിയിലേറെ രൂപ(30 ദശലക്ഷം ദിർഹം) സുനിൽ കുമാർ സദാശിവൻ(52) സ്വന്തമാക്കിയത്.
അബുദാബിയിൽ സാധാരണ മെയിന്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന സുനിലിനെ തേടിയെത്തിയ ഈ മഹാഭാഗ്യം പ്രവാസി ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കംപ്യൂട്ടർ നൽകുന്ന റാൻഡം നമ്പറുകൾക്ക് പിന്നാലെ പോകാതെ മകളുടെയും ഭാര്യയുടെയും സ്വന്തം ജന്മദിന തീയതികളും ചേർത്താണ് സുനിൽ കുമാർ ആ ഭാഗ്യക്കുറി വാങ്ങിയത്.
അടുത്തിടെ ഒരു സുഹൃത്തിനൊപ്പം ചേർന്നാണ് സുനിൽ യുഎഇ ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയത്. ആദ്യത്തെ ബുധനാഴ്ച എടുത്ത ടിക്കറ്റിന് 100 ദിർഹത്തിന്റെ ചെറിയ സമ്മാനം ലഭിച്ചു. ഇതിൽ നിന്ന് ലഭിച്ച ആത്മവിശ്വാസത്തിൽ തൊട്ടടുത്ത ആഴ്ച വീണ്ടും ടിക്കറ്റെടുത്തു. സ്നേഹവും പ്രാർഥനയും കലർന്ന ആ നമ്പറുകൾ സുനിലിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന കോടികളുടെ ജാക്‌പോട്ട് സമ്മാനിക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. സമ്മാനത്തുക സുഹൃത്തുമായി തുല്യമായി പങ്കിടും.
സുനിലിന് ഈ ലോട്ടറി നമ്പറുകൾ വെറും അക്കങ്ങൾ മാത്രമല്ല, കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും വലിയൊരു കഥ കൂടിയാണ് അതിന് പിന്നിലുള്ളത്. വിവാഹം കഴിഞ്ഞ് നീണ്ട 12 വർഷത്തെ കാത്തിരിപ്പിനും ലക്ഷക്കണക്കിന് രൂപ ചെലവിട്ട വന്ധ്യതാ ചികിത്സകൾക്കും ശേഷമാണ് സുനിലിനും ഭാര്യക്കും മകൾ ജനിക്കുന്നത്. ചികിത്സകൾ വരുത്തിവച്ച കനത്ത സാമ്പത്തിക ബാധ്യതകൾക്കിടയിലും മകളുടെ ജനനം ആ കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു.
ഇപ്പോൾ 7 വയസുകാരിയായ ആ മകളുടെ ജനനത്തീയതി തന്നെയാണ് തങ്ങളുടെ എല്ലാ സാമ്പത്തിക ബാധ്യതകളും തീർക്കാനുള്ള മഹാഭാഗ്യമായി മാറിയതെന്ന് സുനിൽ കുമാർ വികാരാധീനനായി പറഞ്ഞു. മകൾ കാണുന്നുണ്ടെങ്കിൽ അവളോട് എനിക്ക് പറയാനുള്ളത്, നിനക്കുവേണ്ടിയാണ് അമ്മയും അച്ഛനും ജീവിച്ചതും കാത്തിരുന്നതുമെന്നാണ്. അവളെ നന്നായി പഠിപ്പിച്ച് ഒരു ഡോക്ടറാക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മുറിയിലെത്തി വിശ്രമിക്കുമ്പോഴാണ് സുനിൽ ഫോണിൽ ലോട്ടറി ഫലം പരിശോധിക്കുന്നത്. സാധാരണ ചെറിയ എന്തെങ്കിലും സമ്മാനം പ്രതീക്ഷിച്ച ഇദ്ദേഹം കോടികളുടെ ഒന്നാം സമ്മാനം തന്റെ ടിക്കറ്റിനാണെന്ന് കണ്ടപ്പോൾ പൂർണമായും ഞെട്ടിപ്പോയി. അടുത്തുണ്ടായിരുന്ന സുഹൃത്തിനെ കാണിച്ച് ബോധ്യപ്പെട്ട ശേഷമാണ് നാട്ടിലുള്ള ഭാര്യയെ വിളിക്കുന്നത്. ആഡംബരങ്ങളൊന്നും ആഗ്രഹിക്കാതെ തികച്ചും സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഭാര്യ, ഇത്രയും വലിയ തുക ലഭിച്ചെന്ന് അറിഞ്ഞപ്പോൾ ‘നമ്മൾ ഇനി ഇത് എന്ത് ചെയ്യും’ എന്ന പരിഭ്രമത്തിലായിരുന്നു.
വീടില്ലാത്തവർക്ക് തണലാകും
സാധാരണ കുടുംബത്തിൽ നിന്നുള്ളവരായതുകൊണ്ട് തന്നെ ഈ തുക പൂർണമായും തങ്ങൾക്കായി മാത്രം ഉപയോഗിക്കില്ലെന്ന് സുനിൽ കുമാർ വ്യക്തമാക്കി. കോടികളുടെ സമ്മാനം അടിച്ചെങ്കിലും പണം കൈയിൽ കിട്ടുമ്പോൾ ആദ്യം ചെയ്യുക മകൾക്ക് ഒരു കൊച്ചു സമ്മാനം വാങ്ങുക എന്നതാണെന്ന് ഈ പിതാവ് പറയുന്നു. നാട്ടിൽ പണി പൂർത്തിയാകാതെ കിടക്കുന്ന കുടുംബവീടിന്റെ അറ്റകുറ്റപ്പണികൾ തീർക്കണം. ചെറുപ്പം മുതൽ കഠിനാധ്വാനം ചെയ്യുന്നതിനാൽ ജോലിയിൽ നിന്ന് കുറച്ചുകാലം മാറിനിന്ന് നന്നായൊന്ന് വിശ്രമിക്കണം. ഇതൊക്കെയാണ് വ്യക്തിപരമായ ആഗ്രഹങ്ങൾ.
ഇതിനൊക്കെയപ്പുറം, നാട്ടിൽ സ്വന്തമായി വീടില്ലാതെ കഷ്ടപ്പെടുന്ന തനിക്ക് പരിചയമുള്ള ഏതാനും പാവപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് നിർമിച്ച് നൽകാൻ തുകയുടെ വലിയൊരു പങ്ക് മാറ്റിവയ്ക്കുമെന്നും സുനിൽ പറഞ്ഞു. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറി തികച്ചും വിശ്വസനീയമായ പ്ലാറ്റ്‌ഫോമാണെന്നും വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
