ഭാര്യ കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, മക്കളെ ഷോക്കടിപ്പിച്ച് കൊന്ന് പിതാവ് ജീവനൊടുക്കി

News Desk
1 Min Read

തൂത്തുക്കുടി: ഭാര്യ മറ്റൊരു വ്യക്തിക്കൊപ്പം പോയതിലുള്ള മാനസിക വിഷമത്തെത്തുടർന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ലോറി ഡ്രൈവറായ നാൽപ്പതുകാരൻ രണ്ട് മക്കളെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

തൂത്തുക്കുടി ജില്ലയിലെ പുതുകോട്ടൈയ്ക്ക് സമീപമുള്ള സാവേരിയർപുരത്താണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലോറി ഡ്രൈവറായ മേരി മൈക്കിൾ (40), മകൾ മേരി നിരോഷ (14), മകൻ മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്. മേരി നിരോഷ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും, മേരി കെനിസ്റ്റൺ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു. ഇരുവരും സ്വകാര്യ സ്‌കൂളിലാണ് പഠിച്ചിരുന്നത്.

ആറ് മാസം മുമ്പ് മൈക്കളിന്റെ ഭാര്യ ഇദ്ദേഹത്തെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയിരുന്നു. ഇതിനെത്തുടർന്ന് കടുത്ത വിഷാദത്തിലായിരുന്ന മൈക്കൾ ലോറി ഡ്രൈവർ ജോലിക്ക് സ്ഥിരമായി പോയിരുന്നില്ലെന്നും ഇടയ്ക്ക് പെയിന്റിംഗ് ജോലികൾ ചെയ്താണ് കഴിഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം അവരോട് ഉറങ്ങാൻ മൈക്കൾ ആവശ്യപ്പെട്ടു. പിന്നീട് ഇലക്ട്രിക് വയറുകൾ കുട്ടികളുടെ ശരീരത്തിൽ കെട്ടിവെച്ച് പവർ സോഴ്‌സുമായി ബന്ധിപ്പിച്ച് അവരെ ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നു. ഇതിന് ശേഷം ഇതേ വയർ ഉപയോഗിച്ച് തന്നെ മൈക്കളും ജീവനൊടുക്കി.

മൈക്കലിന്റെ 75 വയസ്സുകാരനായ പിതാവ് ആന്റണി മുത്തു സംഭവസമയത്ത് വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് അദ്ദേഹം അയൽവാസികളെ വിവരമറിയിക്കുകയും അവർ പുതുകോട്ടൈ പോലീസിനെ വിളിക്കുകയുമായിരുന്നു.

പോലീസ് എത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് കട്ടിലിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പുതുകോട്ടൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article