‘അമ്മ’യിലെ തർക്കം നിയമ നടപടിയിലേക്ക്; ശ്വേതാ മേനോനെതിരെ നടി ഉഷാ ഹസീന

News Desk
1 Min Read

താരസംഘടനയായ അമ്മയിലെ തർക്കങ്ങൾ നിയമനടപടിയിലേക്ക്. നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നും, അമ്മയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും മുൻ പ്രസിഡന്റ് ശ്വേതാ മേനോൻ നിലപാടെടുത്തു. രാജി പ്രഖ്യാപനത്തിന് ശേഷവും സംഘടനയിൽ കടിച്ചുതൂങ്ങാൻ ശ്രമിച്ചാൽ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് ഉഷ ഷീന പ്രതികരിച്ചു. ഇതിനിടെ അമ്മയുടെ ഭാരവാഹിത്വങ്ങളിൽ നിന്നും നടന്മാരായ ജയൻ ചേർത്തല, ജോയ് മാത്യു, കൈലാഷ് എന്നിവർ രാജിവെച്ചു.

താരസംഘടനയായ അമ്മയിൽ നിന്നും ശ്വേതാ മേനോൻ രേഖാമൂലം രാജി സമർപ്പിക്കാത്തതിനെച്ചൊല്ലിയാണ് പുതിയ തർക്കം. രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് അഡ്‌ഹോക്ക് കമ്മിറ്റി വ്യക്തമാക്കിയതിന് പിന്നാലെ ശ്വേതാ മേനോൻ പ്രതികരണവുമായി രംഗത്തെത്തി. അമ്മയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും, നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നും ശ്വേത സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കിയതോടെ, സംഘടനയുടെ അംഗത്വം രാജിവെച്ചിട്ടില്ലെന്ന് ഉറപ്പായി. അഡ്‌ഹോക്ക് കമ്മിറ്റി ബൈലോ പ്രകാരം നിലനിൽക്കില്ലെന്നും നിയമപരമായ പിൻബലമില്ലെന്നും ചൂണ്ടിക്കാട്ടിയതോടെ വിഷയം നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.

അഡ്‌ഹോക്ക് കമ്മിറ്റിയും പഴയ പ്രസിഡന്റും തമ്മിൽ തർക്കം രൂക്ഷമായതോടെ സംഘടനയിൽ നിന്നും കൂടുതൽ പേർ രാജിവെച്ചു. സംഘടനാ ഭാരവാഹിത്വത്തിൽ നിന്നും രാജിവെക്കുന്നതായി നടൻ ജയൻ ചേർത്തല വ്യക്തമാക്കി, പിന്നാലെ രാജിവെക്കുന്നതായി നടൻ കലേഷും അറിയിച്ചു. ‘അമ്മ എക്സിക്യൂട്ടീവിൽ നിന്നും ജോയ് മാത്യുവും രാജി പ്രഖ്യാപിച്ചു. ഇതോടെ സംഘടനയ്ക്കുള്ളിലെ പടലപ്പിണക്കം പുതിയ വഴിത്തിരിവിലെക്കെന്നാണ് വ്യക്തമാകുന്നത്.

ഇതിനിടെ ശ്വേത മേനോനെതിരെ നടി ഉഷാ ഹസീന രംഗത്തെത്തി. ശ്വേത മേനോൻ്റെ രാജി പ്രഖ്യാപനത്തിൽ വാക്ക് പാലിക്കണമെന്ന് ഉഷ ഹസീന അഭിപ്രായപെട്ടു.പാവം പെൺകുട്ടിക്ക് ഒപ്പം നിൽക്കാൻ തയ്യാറാകാതിരുന്ന കമ്മിറ്റിക്ക് വുമൺ കാർഡ് ഇറക്കാൻ യോഗ്യത ഇല്ലെന്നും ജനറൽ ബോഡിയിൽ ഭരണ സമിതി മൊത്തമായി രാജി വെക്കുന്നു എന്നാണ് ശ്വേത പ്രഖ്യാപിച്ചതെന്നും ഉഷാ ഹസീന വ്യക്തമാക്കി. ഭരണസമിതിയിൽ കടിച്ച് തൂങ്ങാനാണ് ഉദ്ദേശമെങ്കിൽ സംഘടനയിലെ വനിത അംഗങ്ങളെ കൂട്ടി ഓഫീസിന് മുന്നിൽ സത്യഗ്രഹം ഇരിക്കുമെന്നും ഉഷാ ഹസീന ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article