സുഹൃത്തുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി

News Desk
1 Min Read

ഹൈദരാബാദ്: സുഹൃത്തുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. അൽവാൽ സ്വദേശിനിയായ രേണുക (26) ആണ് മരിച്ചത്. ഹൈദരാബാദിലെ ലങ്കർ ഹൗസിലുള്ള ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രേണുക നഗരത്തിലെ ഒരു റസ്റ്ററന്റ് ആന്റ് പബ്ബിലെ ജീവനക്കാരിയാണ്. 

ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് രേണുക ഒരു യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തരയോടെ ഈ യുവാവ് ഹോട്ടലിൽ നിന്ന് പോയി. തുടർന്ന് മുറിയിൽ തനിച്ചായിരുന്ന രേണുക രാത്രി 11.56 ഓടെ ഭക്ഷണം ഓർഡർ ചെയ്തതായി ഹോട്ടൽ രേഖകൾ വ്യക്തമാക്കുന്നു.

ഇതിനുശേഷമാണ് രേണുക തന്റെ സുഹൃത്തായ സത്യയെ വിഡിയോ കോൾ ചെയ്തത്. സംഭാഷണത്തിനിടെ പുലർച്ചെ 12.24 ഓടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ലങ്കർ ഹൗസ് സബ് ഇൻസ്പെക്ടർ സയ്യിദ് മുനവർ അലി അറിയിച്ചു.

ഹോട്ടൽ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. യുവതിയുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിനൊപ്പം, ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണത്തിന് ശേഷം മാത്രമേ യഥാർഥ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article