“രാജേഷ് തിലങ്കേരിയ്ക്ക് പകരം ആകാശ് തിലങ്കേരി”: ഫോട്ടോ മാറിയത് ഗുരുതര പിഴവ്; പരസ്യമായി ഖേദം പ്രകടിപ്പിച്ച് പിഎസ്‌സി

News Desk
1 Min Read

തിരുവനന്തപുരം: പിഎ‌സ്‌സി ബുള്ളറ്റിനിലെ ഗുരുതര പിഴവിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷൻ. തിരകഥാകൃത്ത് രാജേഷ് തിലങ്കേരിയുടെ ചിത്രത്തിന് പകരം കൊലപാതക കേസിലെ പ്രതി ആകാശ് തിലങ്കേരിയുടെ ചിത്രം അച്ചടിച്ചതിനാണ് ഖേദം പ്രകടിപ്പിച്ചത്.

മെയ് 15ന് പിഎസ്‌സി പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. എന്നാൽ തെറ്റ് പറ്റിയത് പിഎസ്‌സി മറച്ചുവയ്ക്കുകയായിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടി ന്യൂസ് മലയാളം നൽകിയ വാർത്തയെ തുടർന്നാണ് തിരുത്താൻ പിഎസ്‌സി തയ്യാറായത്.

തെറ്റായ ചിത്രം നൽകിയതിന് വായനക്കാരോടും ബന്ധപ്പെട്ടവരോടും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കാട്ടി പിഎസ്‌സി തിരുത്തൽ പുറത്തിറക്കുകയായിരുന്നു. ജൂലൈ ഒന്നിന് പുറത്തിറക്കിയ ബുള്ളറ്റിനിൽ ആണ് ഖേദം പ്രകടനം നടത്തിയിട്ടുള്ളത്.

തെറ്റ് സംഭവിച്ചത് ശ്രദ്ധപ്പെട്ടതിനെ തുടർന്ന് ഇ-പേപ്പറിൽ തിരുത്തൽ വരുത്തിയെന്നാണ് പിഎസ്‌സിയുടെ വാദം. പിഎസ്‌സിയുടെ പിആർ വിഭാഗത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും ഇടത് അനുകൂലികളാണ്. എന്നിട്ടാണ് സിപിഐഎം അനുകൂലിയും പ്രതിപ്പട്ടികയിലുമുള്ള ആകാശ് തിലങ്കേരിയുടെ ഫോട്ടോ തെറ്റായി അച്ചടിച്ചത്.

ഗുരുതര പിഴവ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും കാര്യമായ അന്വേഷണം നടത്തുകയോ, വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. പിഎസ്‌സിയുടെ ബുള്ളറ്റിൻ പുറത്തിറങ്ങുന്നത് ദേശാഭിമാനിയുടെ പ്രസിൽ നിന്നുമാണ്.

ഇതിൻ്റെ ലേ ഔട്ട് ഉൾപ്പെടെ ചെയ്യുന്നത് ദേശാഭിമാനിയിലെ ജീവനക്കാരിൻ്റെ നേതൃത്വത്തിലാണ്. എന്നിട്ടാണ് ഇത്രയും ഗുരുതരമായ പിഴവ് ബുള്ളറ്റിനിൽ കടന്നുകൂടിയതെന്നാണ് ആക്ഷേപം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article