ദുബായ് / ടെഹ്റാൻ: പരസ്പരാക്രമണവും പോർവിളിയും ഇറാനും യുഎസും തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു. പശ്ചിമേഷ്യയിലെ 8 യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ഷെൽ കഷ്ണങ്ങൾ തറച്ച് ഖത്തർ സ്വദേശി മരിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ബോട്ടിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഒരാൾക്ക് പരുക്കേറ്റു.
തെക്കൻ ഇറാനിലെ ഖിഷം ദ്വീപിലും സിരിക്, ബന്തർലൻക തീരനഗരങ്ങളിലും യുഎസ് ബോംബിട്ടതിനുപിന്നാലെ ഇന്നലെ ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണമുണ്ടായി. 4 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനായി രണ്ടാഴ്ച മുൻപ് ഒപ്പിട്ട ധാരണാപത്രം ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിച്ചു.
തുടങ്ങിവച്ച ജോലി സൈനികമായിത്തന്നെ തീർക്കാൻ നിർബന്ധിതമാകുമെന്നും അങ്ങനെ സംഭവിച്ചാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിയുയർത്തി. ഒരുമണിക്കൂറിനകം കുവൈത്തിലെ യുഎസ് സേനാത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണമുണ്ടായി.
ബഹ്റൈനിൽ രണ്ടുവട്ടവും. മുഹറാഖ് പ്രവിശ്യയിലെ പാർപ്പിടസമുച്ചയം തകർന്നതായി ബഹ്റൈൻ അധികൃതർ അറിയിച്ചു. ആളപായമില്ല. യുഎൻ രക്ഷാസമിതി അടിയന്തരയോഗം ചേരണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു. ഇറാനിലെ സൈനികകേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളുമാണ് യുഎസ് പോർവിമാനങ്ങൾ ആക്രമിച്ചത്. വെടിനിർത്തൽ ലംഘിച്ചുള്ള യുഎസ് ആക്രമണങ്ങൾ നയതന്ത്രനടപടികളുടെ അന്ത്യത്തിൽ കലാശിക്കുമെന്ന് ഇറാന്റെ സേനാവിഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർസ് മുന്നറിയിപ്പുനൽകി.
ഹോർമുസ് കടലിടുക്കിൽ ഒമാൻതീരത്തെ ബദൽപാതയിലൂടെ കപ്പലുകൾ കടത്തിവിടാൻ യുഎസ് സേന ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കം. തെക്കൻ ലബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറാൻ കൂട്ടാക്കാത്തതും സ്ഥിതി വഷളാക്കി.
വ്യാഴാഴ്ച ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടർന്ന് ഹോർമുസിലെ ഇറാൻ സേനാത്താവളങ്ങളിൽ യുഎസ് ബോംബിട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ ഖത്തറിൽനിന്നുള്ള പാനമ പതാകയുള്ള എണ്ണക്കപ്പൽ ഒമാൻതീരത്തെ ബദൽപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുമ്പോഴും ആക്രമണമുണ്ടായി. ഇതോടെ യുഎസ് തെക്കൻ ഇറാനിൽ ആക്രമണം നടത്തി.
യുഎസുമായുള്ള യുഎസുമായി ഒപ്പിട്ട ധാരണാപത്രമനുസരിച്ചു ഹോർമുസ് കടലിടുക്കിന്റെ പൂർണനിയന്ത്രണം ഇറാനാണെന്നും മറ്റാരും അവിടെ ഇടപെടരുതെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. 60 ദിവസത്തെ ഇടക്കാല വെടിനിർത്തലിനു ധാരണാപത്രം ഒപ്പിട്ടതിന്റെ തുടർച്ചയായ ഇറാൻ–യുഎസ് ചർച്ചയുടെ രണ്ടാംഘട്ടം ഈയാഴ്ച നടക്കാനിരിക്കെയാണു ഇരുപക്ഷവും വീണ്ടും കൊമ്പുകോർക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
