പുളിക്കൽ (മലപ്പുറം): വീടിന്റെ ടെറസിനു മുകളിൽനിന്നു മാങ്ങ പറിക്കുന്നതിനിടെ, ഗേറ്റിലേക്ക് വീണു കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. പുളിക്കൽ സിയാംകണ്ടം പാലശ്ശേരിപറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണു മരിച്ചത്. പുളിക്കൽ എഎംഎം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.
മേയ് 31നായിരുന്നു അപകടം. വീടിനു മുകളിൽനിന്നു കാൽ തെന്നി വീണത് മുറ്റത്തെ ഗേറ്റിനു മുകളിലേക്കായിരുന്നു. മാങ്ങ പറിക്കാൻ കയറിയതാകാമെന്നാണു കരുതുന്നത്. ഗേറ്റിനു മുകളിലുള്ള കമ്പി കഴുത്തിൽ തുളച്ചു കയറിയതിനാൽ, ഗേറ്റിന്റെ ഒരു ഭാഗം മുറിച്ചെടുത്താണ് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട്, അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കഴുത്തിൽ തറച്ച കമ്പിയുടെ മറ്റു ഭാഗങ്ങൾകൂടി നീക്കിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. മാതാവ്: ജംഷിന എടമ്പാട്ട്. സഹോദരങ്ങൾ: മെഹബിൻ, മെഹന ഫാത്തിമ, മെഹ്ഫിൽ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2ന് സിയാംകണ്ടം പുത്തലം ജുമാ മസ്‌ജിദിൽ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
