അഫ്ഗാനിസ്ഥാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പ്രകമ്പനം

News Desk
1 Min Read

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ശനി വൈകിട്ടാണ് രാജ്യത്ത് ഭൂചലനമുണ്ടായത്. ഇതിനു പിന്നാലെ ഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് (NCS) പ്രകാരം, ഇന്ത്യൻ സമയം 7.04 നാണ് അഫ്ഗാനിസ്ഥാനിൽ ഭൂചലനം അനുഭവപ്പെട്ടത്.

215 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. തലസ്ഥാനമായ കാബൂളിലും ഭൂചലനമുണ്ടായി. കിഴക്കൻ പ്രവിശ്യകളായ ഖോസ്റ്റ്, നംഗർഹാർ എന്നിവയെ പിടിച്ചുകുലുക്കിയ ഭൂകമ്പം പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും അനുഭവപ്പെട്ടതായി എഎഫ്‌പി മാധ്യമപ്രവർത്തകർ പറഞ്ഞു.

വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജൂർമിൽ നിന്ന് 43 കിലോമീറ്റർ തെക്കായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതേത്തുടർന്ന് ഡൽഹി- എൻസിആറിലും വടക്കേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ഡൽഹി, നോയിഡ, ഗുരുഗ്രാം, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഏതാനും സെക്കൻഡുകൾ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നിവാസികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും സമാനമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം പെട്ടെന്ന് അവസാനിച്ചെങ്കിലും മുൻകരുതലിന്റെ ഭാഗമായി പലരും കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article