തല ബക്കറ്റില്‍ മുക്കി; കഴുത്തില്‍ ഷാളിട്ട് മുറുക്കി; ഭര്‍ത്താവിനെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഗര്‍ഭിണിയെ കൊന്നു

News Desk
1 Min Read

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചെന്നാരോപിച്ച് ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 26കാരിയായ നേഹ കുമാരിയാണ് ഭര്‍ത്താവിന്‍റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ഭര്‍ത്താവ് അമിത് ​ഗുപ്തയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ഫരീദാബാദിലെ പഞ്ച്ശീൽ കോളനിയിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജോലിക്ക് പോകാന്‍ മടിയുളള വ്യക്തിയായിരുന്നു അമിത് ഗുപ്ത. പതിവുപോലെ രാവിലെ ജോലിക്ക് പോകാന്‍ നേഹ കുമാരി നിര്‍ബന്ധിച്ചപ്പോഴാണ് ഇരുവരും തമ്മിലെ വഴക്ക് രൂക്ഷമായത്. ആറുമാസം ഗര്‍ഭിണിയായ നേഹ കുമാരിയെ മാരകമായി അമിത് മര്‍ദിച്ചു. പിന്നീട് ബക്കറ്റിലെ വെളളത്തില്‍ പലതവണ തലമുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഒടുവില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി അമിത് ഭാര്യയെ കൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം അമിത് ​ഗുപ്ത ബന്ധുവിനെ ഫോണിൽവിളിച്ച് കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ്ചെയ്ത പ്രതി വീട്ടിൽ നിന്ന് കടന്നുകളഞ്ഞു. നേഹ കുമാരിയെ വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരി ഭര്‍ത്താവ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കുളിമുറിയില്‍ നേഹയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി നേഹയുടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഭര്‍ത്താവ് അമിത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!