തിരുവനന്തപുരം : സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന്, വയനാട് രണ്ട്, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്.
ഇതോടെ ഈ വർഷം ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 256 ആയി. ജൂൺ മാസത്തിൽ മാത്രം 180 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിപ പോലെ വേഗത്തിൽ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന ഒരു ഗുരുതര രോഗമാണ് ഷിഗെല്ല. ഷിഗെല്ല ബാക്ടീരിയ മൂലമാണ് ‘ഷിഗല്ലോസിസ്’ എന്ന അണുബാധ കുടലിനെ ബാധിക്കുന്നത്. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിലോ ലക്ഷണങ്ങൾ പ്രകടമാകും. പ്രതിരോധശേഷി കുറഞ്ഞവരെയും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയുമാണ് രോഗം എളുപ്പത്തിൽ ബാധിക്കുന്നത്.
മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത വേണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കുമെന്നതിനാൽ ഇവ വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക. വ്യക്തിശുചിത്വവും പരിസരശുചിത്വവും കൃത്യമായി പാലിക്കുക. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടാലുടൻ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഒ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ യാതൊരു കാരണവശാലും സ്വയം ചികിത്സക്ക് നിൽക്കരുത്. എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
