ക്രൂഡ് ഓയിൽ വിലക്കയറ്റം: രാജ്യത്തെ എണ്ണ ഇറക്കുമതിച്ചെലവ് വർധിച്ചു

News Desk
1 Min Read

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വൻ വർധനവ് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളായ ഏപ്രിൽ, മേയ് കാലയളവിൽ രാജ്യത്തിന്റെ എണ്ണ ഇറക്കുമതിച്ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം വർധിച്ച് 2.95 ലക്ഷം കോടി രൂപയിലെത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എണ്ണ ഇറക്കുമതിച്ചെലവ് 20.9 ബില്യൺ ഡോളറായിരുന്നു. ആഗോള വിപണിയിലെ അസ്ഥിരതയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കാരണം ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ഈ വൻ വർധനവിന് പ്രധാന കാരണം.

എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയർന്നത് രാജ്യത്തിന്റെ മൊത്തം വ്യാപാരക്കമ്മി വർധിക്കാൻ കാരണമായിട്ടുണ്ട്. ഏപ്രിൽ – മേയ് മാസങ്ങളിലെ രാജ്യത്തെ മൊത്തം വ്യാപാരക്കമ്മി 44.2 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 37.3 ബില്യൺ ഡോളറായിരുന്നു.

റഷ്യ – ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന ക്രൂഡ് ഓയിലിന്റെ അളവ് കുറഞ്ഞതും, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ വില വർധിച്ചതും ഇന്ത്ക്ക് ഇരട്ടി പ്രഹരമായി. ഇന്ത്യ ആവശ്യത്തിനുള്ള എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലെ നേരിയ വിലവർധനവ് പോലും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും രൂപയുടെ മൂല്യത്തെയും പ്രതികൂലമായി ബാധിക്കും.

ഇറക്കുമതിച്ചെലവ് ഇത്തരത്തിൽ ഉയർന്ന നിലയിൽ തുടർന്നാൽ വരും മാസങ്ങളിൽ രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്കുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ചരക്കുകൂലി വർ‌ധിക്കുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കാം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article