‘കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം, എന്തെങ്കിലും കലക്കിക്കുടിച്ച് ദുരന്തമുണ്ടാക്കുന്നത് കുറയ്ക്കാം’

News Desk
2 Min Read

തിരുവനന്തപുരം: സ്ഥിരം മദ്യപാനികള്‍ ഉണ്ടെന്നും അവര്‍ക്ക് നല്ല സാധനം കൊടുക്കണമെന്നുള്ളതിനാലാണ് വീര്യം കുറഞ്ഞ മദ്യമെന്ന ആശയത്തിലേക്ക് വന്നതെന്നും മന്ത്രി കെ മുരളീധരന്‍. ചിലര്‍ക്ക് സ്ഥിരം കുടിക്കണം. അവര്‍ എങ്ങനെ ആയാലും കുടിക്കും. എന്തെങ്കിലും കലക്കിക്കുടിച്ച് ദുരന്തമുണ്ടാക്കുന്നത് കുറയ്ക്കാനാണ് വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒരിക്കലും മദ്യം ഉപയോഗിക്കാത്ത ആളായിരുന്നു കെ കരുണാകരന്‍. അദ്ദേഹത്തിന്റെ കാലത്താണ്‌ ബെവ്‌കോ കൊണ്ടുവന്നത്. കുടിയന്മാരെന്തായാലും സമൂഹത്തിലുണ്ട്. അവര്‍ക്ക് കുടിക്കുമ്പോള്‍ നല്ല സാധനം കൊടുക്കുക എന്നതാണ് അര്‍ത്ഥം. അതായിരുന്നു ഉദ്ദേശം. അതാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ അര്‍ത്ഥം. പക്ഷേ ഇത് അധിക നാള്‍ മുന്നോട്ട് പോകാനാവില്ല. ഘട്ടം ഘട്ടമായി ഇതില്ലാതാക്കും.

സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം കൊടുക്കാന്‍ അനുവദിക്കില്ല. ലംഘിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ-പ്രതിപക്ഷ സംഘര്‍ഷത്തിലും മുരളീധരന്‍ പ്രതികരിച്ചു. നഗരത്തില്‍ മാലിന്യം കുന്നു കൂടുകയാണ്. ഇനി പകര്‍ച്ചവ്യാധികള്‍ വന്നാല്‍ പിടിച്ചാല്‍ കിട്ടില്ല. ഡങ്കിപ്പനി കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരത്ത്
മാലിന്യം നീക്കം ചെയ്യേണ്ട സമയത്ത്, തമ്മില്‍ തല്ലിയാല്‍ കൊതുക് പെരുകും. കൊതുകിന് അറിയില്ല ഇവിടെ അടിയാണെന്ന്. മറ്റു വിഷയങ്ങള്‍ മാറ്റിവച്ച് നഗരസഭ മാലിന്യ നീക്കം ശക്തിപ്പെടുത്തണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാദങ്ങള്‍ക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിര്‍ദ്ദേശവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ധന ബില്ലില്‍ നിന്നും മദ്യ നികുതി നിര്‍ദേശം ഒഴിവാക്കില്ല. നികുതി നിര്‍ദേശത്തിന്റെ സാഹചര്യം നേതാക്കളെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തും. നികുതി തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നികുതി നിര്‍ദേശങ്ങള്‍ വകുപ്പ് മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും നിലപാടുണ്ട്.

എന്നാല്‍ മദ്യ നികുതി ധന ബില്ലില്‍ ഉള്‍പ്പെടുത്തിയാല്‍ കടുത്ത പ്രതിഷേധത്തിലാണ് നേതാക്കള്‍. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതിലും അവ്യക്തത തുടരുകയാണ്. യുഡിഎഫ് യോഗം വിളിച്ച് ചേര്‍ക്കുന്നതില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. യുഡിഎഫ് യോഗത്തിന് മുന്‍പ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. മദ്യ നയം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതില്‍ യുഡിഎഫ് തീരുമാനം എടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!