ടെക് ഭീമന്‍മാരെ തൊട്ടാല്‍ 100 ശതമാനം നികുതി; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ട്രംപ്

News Desk
1 Min Read

വാഷിങ്ടണ്‍: യുഎസ് കമ്പനികള്‍ക്കുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ടാക്‌സ് ചുമത്തിയാല്‍ തിരിച്ചും നികുതി ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നൂറ് ശതമാനം നികുതി ചുമത്തുമെന്നാണ് ഭീഷണി.

ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ആഗോളതലത്തില്‍, പ്രത്യേകിച്ച് ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന ഡിജിറ്റല്‍ സേവന നികുതികളെ ലക്ഷ്യമിട്ടാണ് ഈ നീക്കം.

മുമ്പ് ഒപ്പുവെച്ചിട്ടുള്ള എല്ലാ വ്യാപാര കരാറുകളേയും മറികടന്നായിരിക്കും പുതിയ നികുതി നടപ്പിലാക്കുക. ഡിജിറ്റല്‍ സേവനങ്ങളുമായി മുന്നോട്ടു പോകുന്ന രാജ്യങ്ങള്‍ക്ക് തന്റെ പിഴ ശിക്ഷ ബാധകമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ് ടെക് ഭീമന്‍മാര്‍ക്കുമേല്‍ നികുതി ചുമത്തുന്നതിനെതിരെ നേരത്തേയും ട്രംപ് എതിര്‍ത്തിട്ടുണ്ട്. ഇതിനായി മുതിരുന്ന ഏതൊരു രാജ്യത്തിനും മേല്‍ പുതിയ താരിഫുകള്‍ ചുമത്തുമെന്ന് കഴിഞ്ഞ വര്‍ഷവും മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാങ്കേതികവിദ്യയെ ദോഷകരമായി ബാധിക്കുന്നതിനോ അല്ലെങ്കില്‍ അവരോട് വിവേചനം കാണിക്കുന്നതിനോ വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഡിജിറ്റല്‍ നികുതികളും നിയന്ത്രണങ്ങളും എന്നാണ് മുമ്പൊരു പോസ്റ്റില്‍ ട്രംപ് പറഞ്ഞത്.

മെയ് മാസത്തില്‍ ഉണ്ടാക്കിയ താല്‍ക്കാലിക കരാര്‍ പ്രകാരം യൂറോപ്യന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി 15 ശതമാനമായി കുറയ്ക്കാന്‍ ധാരണയായിരുന്നു. ജൂലൈ 4 ന് ഈ കരാര്‍ പൂര്‍ണ്ണമായി അംഗീകരിക്കാനിരിക്കെയാണ് ഡിജിറ്റല്‍ നികുതിയുടെ പേരില്‍ ട്രംപ് 100 ശതമാനം നികുതി ഭീഷണി മുഴക്കിയിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഗൂഗിള്‍, മെറ്റ പോലുള്ള വമ്പന്‍ യുഎസ് കമ്പനികള്‍ക്ക് ഈടാക്കുന്ന ഡിജിറ്റല്‍ സേവന നികുതിയാണ് ട്രംപിനെ ചൊടിപ്പിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!