യുഎഇയെ ഞെട്ടിച്ച് മിസൈൽ മുന്നറിയിപ്പ് സന്ദേശം; ജാഗ്രത പാലിക്കാൻ നിർദ്ദേശം, മിനിറ്റുകൾക്കകം തന്നെ രാജ്യം സുരക്ഷിതമാണെന്ന ‘ഓൾ ക്ലിയർ’ സന്ദേശവും

News Desk
1 Min Read

ദുബായ്: യു.എ.ഇ വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയത് പരിഭ്രാന്തി പരത്തി. എന്നാൽ, മിനിറ്റുകൾക്കകം തന്നെ രാജ്യം സുരക്ഷിതമാണെന്ന ‘ഓൾ ക്ലിയർ’ സന്ദേശവും അധികൃതർ പുറപ്പെടുവിച്ചു.

പ്രാദേശിക സമയം വൈകുന്നേരം 5:15-ഓടെയാണ് ദുബായിലും അബുദാബിയിലുമുള്ള താമസക്കാരുടെ ഫോണുകളിലേക്ക് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് എത്തിയത്. എത്രയും വേഗം അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും, ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും മാറിനിൽക്കണമെന്നുമായിരുന്നു സന്ദേശം.

എന്നാൽ, സന്ദേശം വന്ന് രണ്ട് മിനിറ്റിനുള്ളിൽ തന്നെ ആശങ്കകൾക്ക് വിരാമമിട്ട് അടുത്ത സന്ദേശമെത്തി. നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളുമില്ലെന്നും സാഹചര്യം പൂർണ്ണമായും സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. സാങ്കേതിക തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ മുന്നറിയിപ്പിന് പിന്നിലെന്ന് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. 

 കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി സംശയമുയർന്നിരുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് യു.എ.ഇയിൽ  അടിയന്തര മുന്നറിയിപ്പ് സന്ദേശം എത്തിയത്. നിലവിൽ ദുബായിലെ ജനജീവിതവും വിമാന സർവീസുകളും സാധാരണ നിലയിലാണ്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article