ദോഹ: ലോകത്തിലെ തന്നെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നിലായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ വാതകസംസ്കരണ കേന്ദ്രത്തിൽ സ്ഫോടനം. റാസ് ലഫാനിലെ ബർസാൻ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 54 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാണാതായ 18 ജീവനക്കാർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര സുരക്ഷാ സേനയുടെ സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗവും സിവിൽ ഡിഫൻസും സംയുക്തമായാണ് പ്ലാന്റിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
പ്രാദേശിക ആവശ്യങ്ങൾക്കായി വാതക വിതരണം സുഗമമാക്കുന്ന ബർസാൻ പ്ലാന്റിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് സാങ്കേതിക തകരാർ മൂലം സ്ഫോടനമുണ്ടായത്. തുടർന്നുണ്ടായ വൻ തീപിടിത്തം എമർജൻസി റെസ്പോൺസ് ടീം കൃത്യസമയത്ത് ഇടപെട്ട് പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. പ്ലാന്റിൽ പ്രകൃതിവാതക ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ എനർജി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രാഥമിക വിലയിരുത്തൽ
അറ്റകുറ്റപ്പണികൾക്കോ താൽക്കാലിക നിർത്തിവെപ്പിനോ ശേഷം പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കുന്ന സ്റ്റാർട്ട്-അപ്പ് (Start-up) നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരു വാതകസംസ്കരണ ശാലയുടെ ഏറ്റവും നിർണായകവും അപകടസാധ്യത കൂടുതലുള്ളതുമായ ഘട്ടമാണ് സ്റ്റാർട്ട്-അപ്പ്. ഈ സമയത്ത് മർദം, വാതകപ്രവാഹം, താപനില, നിയന്ത്രണ സംവിധാനങ്ങൾ എന്നിവ കൃത്യമായി ഏകോപിപ്പിക്കേണ്ടതുണ്ട്. ചെറിയ സാങ്കേതിക പിഴവുപോലും അതിവേഗം വലിയ അപകടമായി മാറാൻ സാധ്യതയുണ്ട്.
തീപിടിത്തം നിയന്ത്രണവിധേയമാക്കി
അപകടമുണ്ടായ ഉടൻ അഗ്നിരക്ഷാസേനയും അടിയന്തരസേവന വിഭാഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി ഖത്തർ അധികൃതർ അറിയിച്ചു. സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
റാസ് ലഫാൻ എന്തുകൊണ്ട് നിർണായകം?
ഖത്തറിന്റെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നറാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി രാജ്യത്തിന്റെ പ്രകൃതിവാതക വ്യവസായത്തിന്റെ പ്രധാന കേന്ദ്രമാണ്. എൽഎൻജി പ്ലാന്റുകൾ, പെട്രോകെമിക്കൽ ഫാക്ടറികൾ, എണ്ണശുദ്ധീകരണ ശാലകൾ, വൈദ്യുത നിലയങ്ങൾ, കടൽവെള്ളം ശുദ്ധീകരിക്കുന്ന ഡീസാലിനേഷൻ പ്ലാന്റുകൾ, കയറ്റുമതി ടെർമിനലുകൾ എന്നിവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമായി കണക്കാക്കപ്പെടുന്ന നോർത്ത് ഫീൽഡിൽ നിന്നുള്ള വാതകം സംസ്കരിച്ച് ലോകവിപണിയിലെത്തിക്കുന്നതിൽ റാസ് ലഫാൻ വഹിക്കുന്ന പങ്ക് നിർണായകമാണ്. ഖത്തറിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായും ഈ വ്യവസായനഗരം കണക്കാക്കപ്പെടുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
