ടൊറൻ്റോ: പകരക്കാരനായെത്തിയ ഡെനിസ് ഉണ്ടാവിൻ്റെ ഇരട്ട ഗോളുകളുടെ കരുത്തിൽ ആഫ്രിക്കൻ ശക്തികളായ ഐവറികോസ്റ്റിനെ പരാജയപ്പെടുത്തി ജർമനി. ഇതോടെ ഗ്രൂപ്പ് ഇയിൽ നിന്നും തുടർച്ചയായ രണ്ടാം ജയത്തോടെ 6 പോയിൻ്റുമായി ജർമനി റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടി. തോറ്റെങ്കിലും മൂന്ന് പോയിൻ്റുള്ള ഐവറികോസ്റ്റ് ഗ്രൂപ്പിൽ രണ്ടാമതുണ്ട്.
പ്രതീക്ഷിച്ചത് പോലെ തന്നെ ഈ മത്സരത്തിലുടനീളം തുല്യശക്തികളുടെ പോരാട്ടമാണ് കാണാനായത്. ആദ്യ പകുതിയുടെ 30ാം മിനിറ്റിൽ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സിക് നേടിയ ഗോളിൻ്റെ കരുത്തിൽ ഐവറികോസ്റ്റ് മത്സരത്തിൽ മത്സരത്തിൽ അട്ടിമറി സൃഷ്ടിക്കുമെന്ന് തോന്നിച്ചതാണ്. മത്സരത്തിൻ്റെ 68ാം മിനിറ്റ് വരെയും ജർമനിയെ കൊണ്ട് ഗോളടിപ്പിക്കാതിരുന്നതാണ് ഈ മത്സരത്തിൻ്റെ പ്രധാന ഹൈലൈറ്റ്.
ജർമനി ഒരു ഘട്ടത്തിൽ ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചിടത്താണ് സ്ട്രൈക്കർ ഡെനിസ് ഉണ്ടാവിനെ ജർമൻ കോച്ച് നഗൽസ്മാൻ കളത്തിലിറക്കിയത്. 59ാം മിനിറ്റിൽ പകരക്കാരനായെത്തിയ സ്ട്രൈക്കർ ഉണ്ടാവ് ജർമനിയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചെടുത്തത്. കളിക്കാനിറങ്ങി 10 മിനിറ്റിനകം തന്നെ ഐവറികോസ്റ്റിൻ്റെ ഗോൾവല കുലുക്കിയ താരം ഇഞ്ച്വറി ടൈമിൽ കളി അവസാനിക്കാൻ സെക്കൻ്റുകൾ മാത്രം ശേഷിക്കെ വീണ്ടും ഐവറികോസ്റ്റിൻ്റെ ഗോൾപോസ്റ്റിൽ വെടിപൊട്ടിച്ചു.
ജർമൻ പ്രതിരോധ നിരയിൽ ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ചും ലെഫ്റ്റ് ബാക്ക് നിക്കോ ഷ്ലോട്ടർബെക്കും മികച്ച പ്രതിരോധമാണ് പുറത്തെടുത്തത്. ഫെലിക്സ് ന്മെച്ച, നഥാനിയേൽ ബ്രൗൺ എന്നീ വിങ്ങർമാരും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഫെലിക്സ് നിർണായകമായ ഒരു അസിസ്റ്റും നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
