റോസ് വാട്ടറില്‍ രാസവിഷം; കോഴിക്കോട് ഭക്ഷ്യനിര്‍മാണ യൂണിറ്റ് പൂട്ടിച്ചു

News Desk
1 Min Read

കോഴിക്കോട്: ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന റോസ് വാട്ടറില്‍ മനുഷ്യശരീരത്തിന് ഹാനികരമായ വ്യാവസായിക ഗ്രേഡ് എസ്സന്‍സ് കലര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് നല്ലളത്തെ ‘ആസാദ് ഫുഡ് പ്രൊഡക്ട്‌സ്’ എന്ന ഭക്ഷ്യനിര്‍മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. ഓണം മുന്നോടിയായി നടത്തിയ ‘ഓപ്പറേഷന്‍ ഓണം’ എന്ന പേരിലെ മിന്നല്‍ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങള്‍ക്ക് സുഗന്ധം നല്‍കാന്‍ ഉപയോഗിക്കുന്ന റോസ് വാട്ടറില്‍, സോപ്പ്, അഗര്‍ബത്തി, പെര്‍ഫ്യൂം തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് മാത്രം ഉപയോഗിക്കാവുന്ന ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് എസ്സന്‍സാണ് സ്ഥാപനം കലര്‍ത്തിയിരുന്നത്. ‘വ്യാവസായിക ആവശ്യത്തിന് മാത്രം’ എന്ന ലേബലോടുകൂടിയ രാസവസ്തുവാണ് ഭക്ഷ്യോല്‍പന്ന നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി.

അച്ചാറുകളും സോസുകളും നിര്‍മ്മിച്ചിരുന്ന യൂണിറ്റില്‍ അതീവ വൃത്തിഹീനമായ സാഹചര്യവും കണ്ടെത്തി. ഉല്‍പ്പാദന മേഖലകളില്‍ എലിക്കാഷ്ടം, കുപ്പിച്ചില്ലുകള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ചിതറിക്കിടന്ന നിലയിലായിരുന്നുവെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ അറിയിച്ചു.

രാസവസ്തുക്കള്‍ കലര്‍ന്ന റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് വയറുവേദന, ഛര്‍ദ്ദി, ഗ്യാസ്‌ട്രോ സംബന്ധമായ അസ്വസ്ഥതകള്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ യൂണിറ്റില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്ഥാപനത്തിന് നോട്ടീസ് നല്‍കിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. യഥാര്‍ഥ റോസ് വാട്ടര്‍ നിര്‍മ്മാണം ചെലവേറിയ പ്രക്രിയയായതിനാല്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന തീവ്രഗന്ധമുള്ള പനിനീരുകളുടെ ഗുണനിലവാരത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഓണം പ്രമാണിച്ച് ജില്ലയിലുടനീളം പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article