ജീവന് ഭീഷണി; കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം: ഉത്തരവിട്ട് ഹൈക്കോടതി

News Desk
1 Min Read

കൊച്ചി: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്. തന്റെ ജീവന് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കുടുംബം നൽകിയ പരാതിയിൽ ഭർത്താവ് മുഹമ്മദ് ഫർമാൻ നിയമനടപടി നേരിടുകയാണ്. കുടുംബത്തില്‍നിന്ന് സംരക്ഷണം തേടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. 

ഹർജിക്കാരിയുടെയും സർക്കാർ അഭിഭാഷകന്റെയും വാദങ്ങളിൽനിന്നും ഹർജിക്കാരിയുടെ ജീവന് സംരക്ഷണം നൽകേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറ‍ഞ്ഞു. ഹർജി തീർപ്പാക്കുന്നതുവരെ ഹർജിക്കാരിയുടെ ജീവന് ആവശ്യമായ സംരക്ഷണം നൽകാൻ എസ്എച്ച്ഒയോട് കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും എസ്എച്ച്ഒയ്ക്കും കോടതി നോട്ടിസ് അയച്ചു. കേസ് ജൂലൈ 10ലേക്ക് മാറ്റി.

കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ ഭാരതീയ ന്യായ സംഹിത, ബാലവിവാഹ നിരോധന നിയമം, പട്ടികജാതി-പട്ടികവർഗ (പീഡന നിരോധന) നിയമം എന്നിവ പ്രകാരം കേസെടുക്കുകയായിരുന്നു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article