‘പ്രിയദർശിനി’ പദ്ധതി ഭരണഘടനാ ലംഘനം; ഹൈക്കോടതിയിൽ ഹർജി

News Desk
1 Min Read

എറണാകുളം: കെഎസ്ആർടിസി സാധാരണ ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര നൽകുന്ന ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.

വരുമാന പരിധിയോ, താമസ യോഗ്യതയോ, ഒരു നിർദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലൈംഗിക ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു.

മാസം പത്ത് ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, ഒരു ദിവസ വേതനക്കാരനായ പുരുഷൻ അതേ ബസിൽ ടിക്കറ്റ് നൽകേണ്ടി വരുന്നു — ഇതാണ് ഈ ഉത്തരവിൻ്റെ ഭരണഘടനാ വൈരുദ്ധ്യമെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു.

സർക്കാർ അധികാരത്തിലേറിയ ആദ്യ ദിനം തന്നെ, ഒരു നയ പഠനവും ആഘാത വിലയിരുത്തലും ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സർക്കാർ ഉത്തരവാക്കി മാറ്റിയത് ഭരണഘടനാ ലംഘനമാണെന്ന് ഹർജി ആരോപിക്കുന്നു. ഭരണഘടനയുടെ 15(3) ഈ ഉത്തരവിനെ രക്ഷിക്കില്ലെന്നും, ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം ‘പ്രത്യേക വ്യവസ്ഥ’ ആകില്ലെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. എറണാകുളം സ്വദേശി ആയ മുഹമ്മദ് ഫിർദൗസ് അഡ്വ. ഷമീം അഹമ്മദ് മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article