‘ഇസ്റാഈൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദിയുള്ളവരായിരിക്കണം’, പ്രാഥമിക സമാധാന കരാറിന് പിന്നാലെ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്

malayalampress
2 Min Read

ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക സമാധാനക്കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ സമാധാന ധാരണകളെക്കുറിച്ച് ‘ദി ന്യൂയോർക്ക് ടൈംസിന്’ നൽകിയ അഭിമുഖത്തിലാണ് ഡൊണാൾഡ് ട്രംപ് ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. നെതന്യാഹു കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ഈ കരാർ സാധ്യമാക്കിയതിന് നെതന്യാഹു അമേരിക്കയോട് അതീവ നന്ദിയുള്ളവനായിരിക്കണം എന്നും ഇറാൻ്റെ പക്കൽ ഒരു ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇസ്റാഈൽ എന്ന രാജ്യം രണ്ട് മണിക്കൂർ പോലും നിലനിൽക്കില്ലായിരുന്നുവെന്നും, അമേരിക്കയാണ് അവരെ കാത്തുരക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി നടത്തിയ ഈ ചർച്ചകളിൽ ഇസ്രായേൽ പങ്കാളിയായിരുന്നില്ല. കരാറിലെ വ്യവസ്ഥകൾ ഇസ്റാഈലിന്റെ ഔദ്യോഗിക വൃത്തങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഇറാനുമായി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഔദ്യോഗികമായി അവസാനിക്കും. കൂടാതെ ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുക്കാനും, ഹോർമൂസിൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കാനും ധാരണയായിട്ടുണ്ട്. എന്നാൽ ഈ പ്രാഥമിക കരാറിന് പിന്നാലെ ഇറാൻ്റെ ആണവ പരിപാടിയെക്കുറിച്ച് ചർച്ച ചെയ്യാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ നിശ്ചിത സമയത്തിനുള്ളിൽ ഇറാൻ അമേരിക്കയുമായി ഒരു അന്തിമ ആണവ കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ, ടെഹ്‌റാനെതിരെയുള്ള സൈനിക ആക്രമണങ്ങൾ അമേരിക്ക പുനരാരംഭിക്കുമെന്ന ശക്തമായ മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.

അമേരിക്കയും ഇസ്റാഈലും യുദ്ധത്തിന്റെ തുടക്കത്തിൽ ലക്ഷ്യം വെച്ചിരുന്ന ഇറാൻ്റെ ആണവ പരിപാടികൾ പൂർണ്ണമായി ഇല്ലാതാക്കുക, അവരുടെ ബാലിസ്റ്റിക് മിസൈൽ ശേഖരം നശിപ്പിക്കുക, മറ്റ് ഭീകര സംഘടനകൾക്കുള്ള ഇറാൻ്റെ പിന്തുണ അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളൊന്നും ഈ കരാറിലൂടെ പൂർണ്ണമായി നടപ്പിലായിട്ടില്ല എന്ന ആശങ്ക ഇസ്രായേലിനുണ്ട്. ലബനനിലെ ഹിസ്ബുള്ളയും ഇസ്റാഈലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തലും ഈ കരാറിന്റെ ഭാഗമാണെന്ന് ഇറാൻ വ്യക്തമാക്കുന്നു. എന്നാൽ ഇത് തങ്ങളുടെ കൈകൾ കെട്ടിയിടുന്നതിന് തുല്യമാണെന്നാണ് ഇസ്റാഈലിന്റെ വിലയിരുത്തൽ. കരാറിലെ നിബന്ധനകൾ പൂർണ്ണമായി പുറത്തുവരുന്നതുവരെ പരസ്യമായ പ്രതികരണങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇസ്റാഈൽ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article