ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഈയുടെ ഖബറടക്കം ജൂലൈ ഒൻപതിന്

News Desk
1 Min Read

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഈയുടെ ഖബറടക്ക ചടങ്ങുകൾ ജൂലൈ നാലിന് ടെഹ്‌റാനിൽ ആരംഭിക്കുമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് ജൂലൈ ഒമ്പതിന് വടക്കുകിഴക്കൻ നഗരമായ മശ്ഹദിലെ ഇമാം രിസാ മഖ്ബറയിലാണ് ഖബറടക്കം നടക്കുക. മരിച്ച് 132 ദിവസങ്ങൾക്ക് ശേഷമാണ് ഖബറടക്കം നടക്കുന്നത്.

ചടങ്ങുകളിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഏതാണ്ട് രണ്ട് കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാൻ അധികൃതർ പ്രതീക്ഷിക്കുന്നത്. ഖാംനഇയുടെ വസ്വിയ്യത്ത് അനുസരിച്ച് ടെഹ്‌റാൻ, ഖും, മശ്ഹദ് ഉൾപ്പെടെയുള്ള മൂന്ന് പ്രധാന നഗരങ്ങളിലൂടെയായിരിക്കും വിലാപയാത്ര കടന്നുപോകുക.

ജൂലൈ നാലിനും അഞ്ചിനും ടെഹ്‌റാനിലെ മൊസല്ല കോംപ്ലക്സിൽ വെച്ച് വിടവാങ്ങൽ ചടങ്ങുകൾ നടക്കും. തുടർന്ന് മയ്യിത്ത് ഖുമിലേക്ക് കൊണ്ടുപോകും. അവിടെയും ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യമൊരുക്കും. ജൂലൈ ഒൻപതിന് അദ്ദേഹത്തിന്റെ വസിയ്യത്ത് പ്രകാരം മശ്ഹദിലെ ഇമാം രിസാ മഖ്ബറയിൽ ഖബറടക്കും.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാന് നേരെ ഇസ്റാഈലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖാംനഈ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തലപ്പത്തുള്ള മൂന്ന് പതിറ്റാണ്ടിലധികം നീണ്ട ഭരണത്തിനാണ് അറുതിയായത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം മാർച്ച് 8-ന് മകൻ മുജ്തബ ഖാംനഈയെ ഇറാൻ പുതിയ പരമോന്നത നേതാവായി ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ തിരഞ്ഞെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article